15 November, 2026 02:05:04 PM
പാത്രിയർക്കീസ് ബാവ മണർകാട് പള്ളിയിൽ കുർബാന അർപ്പിച്ചു

മണർകാട്: യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മണർകാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളിയതോടെയാണ് മണർകാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ വഴിയൊരുങ്ങിയത്. കത്തീഡ്രലിൽ എത്തിയ പാത്രിയർക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ബാവയെ സ്വീകരിക്കുന്നതിനായി പള്ളി അങ്കണത്തിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. കുർബാനയ്ക്ക് ശേഷം അനൗപചാരിക യോഗത്തിൽ അദ്ദേഹം വിശ്വാസികളുമായി സംവദിച്ചു. ചടങ്ങുകൾ പൂർത്തിയാക്കി രാവിലെ 11 മണിയോടെ അദ്ദേഹം സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് മടങ്ങും. അദ്ദേഹത്തിന്റെ കേരള സന്ദർശനം നവംബർ 16 നു അവസാനിക്കും. പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതിയും കോട്ടയം സബ് കോടതിയും തള്ളിയിരുന്നു. വി.വി. മാത്യു, സന്തോഷ് ജോർജ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തുടർനടപടികൾക്കായി ഈ ഹർജി ഈ മാസം 23-ന് വീണ്ടും പരിഗണിക്കും.


