12 November, 2026 04:04:45 PM
തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 140-ാം തിരുനാളിന് തുടക്കം
- പി. എം. മുകുന്ദൻ
തൃശൂർ: പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ നാമധേയത്തിലുള്ള തൃശ്ശൂർ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 140-ാം തിരുനാളിന് തുടക്കം.
പരിശുദ്ധ അമലോത്ഭവ മാതാവിൻറെയും വിശുദ്ധ യൗസേപ്പ് പിതാവി ന്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും വിശുദ്ധ റപ്പായേൽ മാലാഖ യുടെയും സംയുക്ത തിരുനാളാണ് നവംബർ 12,13,14,15,16 തിയ്യതികളിൽ ആഘോഷിക്കുന്നത്.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ടാണ് എല്ലാ വർഷവും അമലോത്ഭവ മാതാവിൻ്റെ തിരുനാൾ നടത്തിവരുന്നത്.
നിർധനരായ യുവതികൾക്ക് വിവാഹ സഹായം, തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് ഭക്ഷണ വിതരണം, തിരുനാളിനും, ക്രിസ്തുമസ്സിനും അർഹരായ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 140 രോഗികൾക്ക് ഡയാലിസിസിന് സാമ്പത്തിക സഹായം, നിർദ്ധനരായ ഇടവകക്കാർക്ക് ഭവനനിർമ്മാണ ധനസഹായം, ചികിത്സ സഹായം, സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ/ രക്തദാന ക്യാമ്പുകൾ എന്നിവ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചിലത് മാത്രം.
"കണ്ണ് മണ്ണിനുള്ളതല്ല മനുഷ്യനുള്ളതാണ്" എന്ന മുദ്രാവാക്യവുമായി, മരണശേഷം കണ്ണ് ദാനം ചെയ്യുന്നതിന് സൗജന്യ നേത്രദാന കർമ്മപദ്ധതിക്കും ക്യാൻസർ രോഗികൾക്ക് കേശദാന പദ്ധതിയും നടക്കുന്നു. ലോകസമാധാനത്തിന് വേണ്ടി അമലോത്ഭവ മാതാവിൻ്റെ 140-ാം തിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 25-ാം തിയതി ലോകസമാധാന ദിനമായി ആചരിച്ചിരുന്നു.
തിരുനാൾ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട്
7 മണിക്ക് തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. 13-ാം തിയതി വൈകിട്ട് മരിയൻ സമർപ്പണം, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലി, അമലോത്ഭവ മാതാവിൻ്റെയും, സഹവിശുദ്ധരുടെയും തിരുസ്വരൂപ ങ്ങൾ എഴുന്നെള്ളിക്കൽ, 14ന് രാത്രി ഇടവകയിലെ 38 കുടുംബകൂട്ടായ്മകളിൽ നിന്നും അമ്പ് പ്രദക്ഷിണം എന്നിവ നടക്കും.
15 ന് രാവിലെ ദിവ്യബലി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ തിരുനാൾ ദിവ്യബലി, വൈകിട്ട് ദിവ്യബലിയെ തുടർന്ന് തൃശൂർ പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്കയിലേക്ക് ജപമാല പ്രദക്ഷിണം, പരിശുദ്ധ വ്യാകുല മാതാവിൻ്റെ ബസിലിക്കയിൽ നിന്ന് ലൂർദ്ദ് കത്തീഡ്രലിലേക്ക് കിരീടം എഴുന്നെള്ളിപ്പ്, 16ന് രാവിലെ ഇടവകയിലെ പരേതർക്കുവേണ്ടി ദിവ്യബലി, വൈകിട്ട് ദിവ്യബലി, മെഗാ ബാൻ്റ് മേളം, ആകാശവിസ്മയം എന്നിവയാണ് പരിപാടികൾ.
നവംബർ 13,14,15 തിയ്യതികളിൽ ലൂർദ്ദ് കത്തീഡ്രൽ സെന്റിനറി ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ, മാതാവിൻ്റെ ഏഴ് ആനന്ദങ്ങളെ ധ്യാനവിഷയമാക്കി ഇലകളും കുരുത്തോലകളും ഉപയോഗിച്ച് നൂറ് അടിയോളം നീളത്തിൽ ഒരുക്കിയ അത്യപൂർവ്വമായ ഫ്രാൻസിസ്കൻ കൊന്ത പ്രദർശിപ്പിക്കുന്നു. പ്രശസ്ത കലാകാരൻ സുബ്രഹ്മണ്യൻ പുത്തൻചിറയുടെ കരവിരുതിൽ രൂപം കൊള്ളുന്ന ഈ വിസ്മയകരമായ സൃഷ്ടി, വിശ്വാസവും കലയും മാത്യഭക്തിയും ഒരുമിക്കുന്ന അപൂർവ്വ ദൃശ്യസാക്ഷ്യം കൂടിയാണ്.
തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകവും തനിമയും നിലനിർത്തുന്നതിൽ ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിലെ വിശ്വാസ സമൂഹത്തിൻ്റെ പങ്ക് നിസ്തുലമാണെന്ന് ലൂർദ്ദ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ പറഞ്ഞു.


