24 March, 2026 05:52:46 PM


ശ്രീലക്ഷ്മീ - നൃസിംഹ ധന്വന്തരീ മഹായജ്ഞം ഇരിഞ്ഞാലക്കുട ചെമ്മണ്ടയില്‍ മെയ് 18ന്

- പി.എം. മുകുന്ദന്‍



തൃശൂര്‍: ശ്രീ സംഗമേശാനന്ദ വേദിക് ഫൗണ്ടേഷൻ രുദ്രാപീഠത്തിന്‍റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട ചെമ്മണ്ട ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രഗാത്രത്തിൽ മെയ് 18, 19, 20, 21 തിയതികളിൽ ശ്രീലക്ഷ്മീ - നൃസിംഹ ധന്വന്തരീ മഹായജ്ഞം നടക്കും. എല്ലാ ജനങ്ങളെയും ഭാഗഭാക്കാക്കി ധനധാന്യ സമൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനും കുടുംബ സന്താനപുരോഗതിക്കും വ്യാപാരവ്യവസായ പുരോഗതിക്കും പ്രകൃതി ഗോ സംരക്ഷണത്തിനുമായി നടത്തുന്ന ചടങ്ങുകള്‍ക്ക് മാളികപ്പുറം മുൻമേൽ ശാന്തി ശംഭു നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. തന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും പത്നിയും യജമാനത്ത്വം അലങ്കരിക്കും.


മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് മുഖ്യരക്ഷാധികാരിയും സ്വാമി പ്രഭാകരാനന്ദ സരസ്വതി, ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ രക്ഷാധികാരികളുമാണ്. മാനവരാശിയില്‍ കാലാനുസൃതമായി ഉണ്ടായികൊണ്ടിരിക്കുന്ന ജീവിതശൈലി വ്യതിയാനങ്ങളിലും ആധുനികതയുടെ ഭാവത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ധർമ്മച്യുതിയിലും ധർമ്മം ക്ഷയിക്കുന്ന ഈ കാലത്ത് അനുഭവപ്പെടുന്ന കഷ്ടതകൾ ക്കെല്ലാം പരിഹാരമായാണ് യജ്ഞം സംഘടിപ്പിക്കുന്നതെന്ന് മുഖ്യാചാര്യയും ശ്രീ സംഗമേശാനന്ദ വേദിക് ഫൗണ്ടേഷൻ ശ്രീ രുദ്രാപീഠം പീഠാധീശ്വറുമായ സാധ്വി ദേവി സംഗമേശാനന്ദ സരസ്വതി, സെക്രട്ടറി രഞ്ചിത് ബാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.


മഹാഗണപതി, ഗായത്രീദേവി, മഹാലക്ഷ്‌മീ, നൃസിംഹം, ധന്വന്തരീ മൂർത്തി, നവഗ്രഹങ്ങൾ എന്നീ ദേവതകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഈ മഹായജ്ഞം നടക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങി ഭാരതത്തിന്‍റെ വിവിധയിടങ്ങളിലായി നടത്തുന്ന ഈ ധർമ്മയുഗപ്രവേശികായാത്രയിൽ ധർമ്മനിഷ്‌ഠരായ ജീവിത പുരോഗതിയെ ഇച്ഛിക്കുന്ന ഓരോ മഹത്തുക്കളുടേയും സഹകരണങ്ങൾ ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.  ശ്രീ സംഗമേശാനന്ദ വേദിക് ഫൗണ്ടേഷൻ ശ്രീ രുദ്രാപീഠം പീഠാധീശ്വര്‍ സാധ്വി ദേവി സംഗമേശാനന്ദ സരസ്വതി, സെക്രട്ടറി രഞ്ചിത് ബാലകൃഷ്ണന്‍ എന്നിവരോടൊപ്പം മേജര്‍ ജനറല്‍ പി.വിവേകാനന്ദന്‍, ജ്യോതിഷാചാര്യ സേതുമാധവ്, ഉഷാ ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍ ഇരിങ്ങാലക്കുട എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K