29 April, 2026 10:42:21 AM
ആറ്റിൽ ചാടാനായി ഓടിയ പാട്ടമ്പലം ഭഗവതിയുടെ വഴി തടഞ്ഞ് ഭക്തർ

മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ 'ആറ്റില്‍ ചാട്ടം' ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. മാന്നാർ മാർക്കറ്റ് ജംഗ്ഷനു സമീപം നടന്ന ദേവിയുടെ 'ആറ്റില്‍ ചാട്ടം' ഭക്തർക്ക് നിർവൃതിയായി. പരുമല പനയന്നാല്‍കാവ് ക്ഷേത്രത്തിലെ ദേവിയെ കാണാൻ പമ്പാനദി കടന്ന് പാട്ടമ്പലത്തിലമ്മ പോകുന്നതാണ് 'ആറ്റില്‍ ചാട്ടം' ചടങ്ങിന്റെ ഐതിഹ്യം. പോയാല്‍ പിന്നെ തിരികെ വരില്ലെന്നുള്ളതിനാല്‍ പാട്ടമ്പലത്തിലമ്മയുടെ യാത്ര ഏതു വിധേനയും തടയാൻ ഭക്തർ കൈ കോർത്ത് മാർഗ തടസം സൃഷ്ടിക്കുന്നതിനാല്‍ അമ്മ തിരികെ പോകുകയാണ് ചെയ്യുന്നത്. നാനാജാതി മതസ്ഥരുള്‍പ്പടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കുന്നത് മാന്നാറിന്റെ മതസാഹോദര്യത്തിന്റെ മഹിമ വിളിച്ചോതുന്നു.
കുരട്ടിശ്ശേരി നമ്പോക്കാവില്‍ ഭാഗത്തെ പറകള്‍ സ്വീകരിച്ച ശേഷം പടനിലത്ത് എത്തിയപ്പോഴാണ് അപൂർവ ആറ്റില്‍ചാട്ടം ചടങ്ങ് ആരംഭിച്ചത്. ഇവിടെ ജീവതയേന്തിയ ബ്രാഹ്മണ പുരോഹിതർ മേളപ്പെരുക്കത്തിനൊപ്പം ജീവത തുള്ളിച്ചു. കുറച്ചുനേരം താളം ചവിട്ടിയ പുരോഹിതർ പെട്ടെന്ന് വടക്ക് ഭാഗത്തേക്ക് ലക്ഷ്യം വച്ച് ഓടാൻ തുടങ്ങി. ഈ സമയം റോഡില്‍ വലയം തീർത്ത് നിന്ന ഭക്തർ ഓട്ടം തടഞ്ഞു. പലതവണ വലയം ഭേദിക്കാൻ പുരോഹിതർ ശ്രമം നടത്തിയെങ്കിലും ഭക്തിപൂർവ്വമുള്ള ഭക്തരുടെ ചെറുത്തുനില്‍പ്പില്‍ പിൻവാങ്ങേണ്ടിവന്നു. ജീവതിയുമായി തിരിഞ്ഞോടിയ പുരോഹിതർ കോന്നാത്ത് വീട്ടിലെത്തിയാണ് നിന്നത്. ഇവിടെ വഴിപാട് പറകള്‍ സ്വീകരിച്ച് കുടുംബക്കാർ നല്‍കിയ സ്വീകരണവും ഏറ്റുവാങ്ങിയാണ് ദേവി മടങ്ങിയത്.
ഐതീഹ്യം
കുരട്ടിശ്ശേരി കരയിലേക്കുള്ള പറയ്ക്കെഴുന്നള്ളത്ത് ദിവസമാണ് ചരിത്ര പ്രസിദ്ധമായ ആറ്റില്‍ചാട്ടം ചടങ്ങ് നടക്കുന്നത്. പുരാതനകാലത്ത് നാമ്പോക്കാവ് ഭാഗത്തെ പറ സ്വീകരിച്ച് മടങ്ങവെ തിരുമേനിമാർക്ക് പെട്ടെന്ന് ഭാവപ്പകർച്ചയുണ്ടായി നേരെ വടക്കോട്ട് ഓടാൻ തുടങ്ങി. പരിഭ്രാന്തരായ ഭക്തജനങ്ങള്‍ ഭഗവതി യ്ക്കു മുൻപില്‍ കയറി നിരന്നു നിന്ന് കൈകോർത്ത് തടയുകയും, പലവട്ടം വലഭേദിച്ച് കടക്കാൻ നടത്തിയ ശ്രമം പരാജയപെട്ടപ്പോള്‍ നിരാശപ്പെട്ട് ഭഗവതി തിരിഞ്ഞോടുകയുമാണ് ഉണ്ടായത്. തുടർന്ന് മാന്നാറിലെ പ്രാചീനവും പ്രശസ്‌തവുമായ കോന്നാത്ത് കുടുംബത്തിലെ പൂമുഖത്ത് കയറി വിശ്രമിച്ചു. ഭഗവതിയെ അനുഗമിച്ച നാട്ടുകാർക്ക് ഊഷ്‌മളമായ സ്വീകരണമാണ് കുടുംബത്തിലെ കാരണവർ നല്‍കിയത്. ഈ ചടങ്ങ് അനുസൃതം നടന്നുവരുന്നു. പരുമല പനയന്നാർകാവില്‍ കുടികൊള്ളുന്ന അമ്മയെ ആണ്ടിലൊരിക്കല്‍ കാണുവാനുള്ള ശ്രമമാണ് ആറ്റില്‍ചാട്ടം ചടങ്ങായി അറിയപ്പെടുന്നത്. ദർശനത്തിനായി പനയന്നാർകാവിലേക്ക് പോയാല്‍ മടങ്ങിവരില്ലന്നാണ് ഐതീഹ്യം. ആയതിനാലാണ് അടുത്തകൊല്ലം വിടാമെന്ന് വാക്കുനല്കി ഭക്തജനങ്ങള്‍ ഭഗവതിയെ പിന്തിരിപ്പിക്കുന്നത്.



