22 March, 2026 09:47:46 PM
മണര്‍കാട് ഭഗവതി ക്ഷേത്രത്തില്‍ പള്ളിപ്പാന മഹാകര്‍മ്മം ഏപ്രില്‍ 29 മുതല്‍

കോട്ടയം: ചരിത്രപ്രസിദ്ധമായ മണർകാട് ഭഗവതി ക്ഷേത്രത്തിൽ 22 വർഷങ്ങൾക്കുശേഷം പള്ളിപ്പാന നടക്കുന്നു. 2026 ഏപ്രിൽ 29 മുതൽ മെയ് 10 വരെയുള്ള തീയതികളിൽ നടക്കുന്ന ചടങ്ങുകളിൽ ഇരുപത്തഞ്ചോളം കാർമികർ പങ്കെടുക്കുന്നു. മെയ് 7,8,9 തീയതികളിൽ നടക്കുന്ന പാനയടി ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ്. ഭക്തജനങ്ങൾ ദോഷപരിഹാരത്തിനായി ശിരസ്സിലുഴിഞ്ഞ് എത്തിക്കുന്ന നാളികേരം പാനയടി കർമ്മത്തിന് ഉപയോഗിക്കുന്നു.
ദേവസ്ഥാനത്ത് വന്നുഭവിച്ചിരിക്കുന്ന ചൈതന്യക്ഷയവും ബാധദോഷങ്ങളും അകറ്റുന്നതിനും ഭക്തജനങ്ങളുടെ സർവദോഷ പരിഹാരത്തിനും സർവൈശ്വര്യങ്ങളും സമ്പദ്സമൃദ്ധിയും ക്ഷേമവും ലഭിക്കുന്നതിനുമായി നടത്തുന്ന പുണ്യകർമമാണ് പള്ളിപ്പാന. ഏപ്രില്‍ 29ന് രാവിലെ 8.20 മണിക്ക് പള്ളിപന്തലില്‍ ദേവിയെ ആവാഹിച്ച് തിടമ്പ് എഴുന്നള്ളിച്ചിരുത്തും. തുടര്‍ന്ന് കാപ്പ്കെട്ടിനുശേഷം ക്ഷേത്രം തന്ത്രിയുടെ അനുവാദത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. രാത്രി 8 മണിക്ക് നടക്കുന്ന ദര്‍ശനപ്രാധാന്യമുള്ള പുണ്യകര്‍മമാണ് ഇടുപണബലി. തുടര്‍ന്ന രക്ഷാകലശപൂജ നടക്കും.

ഏപ്രില്‍ 30ന് രാവിലെ 9 മണിക്ക് പറകൊട്ടിപാട്ട്, ഓതി ഒഴിയ്ക്കല്‍, രാത്രി 8 മണിക്ക് കുഴിബലി എന്നിവ നടക്കും മെയ് 1 മുതല്‍ 9 വരെ തീയതികളില്‍ രാവിലെ പറകൊട്ടിപാട്ട്, ഓതി ഒഴിയ്ക്കല്‍ എന്നിവ നടക്കും. ഈ ദിവസങ്ങളില്‍ യഥാക്രമം നിഴല്‍കൂത്ത്, ഗണപതി ഉദ്ഭവവും ഓംകാരപൊരുളും, നരസിംഹാവതാരം, ദശാവതാരം, കുചേലമോക്ഷം, ഭാരതം, സന്താനഗോപാലം, വിഷ്ണുവിന്‍റെ പിണിപ്പാട്ട്, നിഴല്‍കൂത്ത് എന്നീ കഥാഭാഗങ്ങള്‍ എന്നി കഥാഭാഗങ്ങള്‍ പറകൊട്ടിപ്പാട്ടിന്‍റെ ഭാഗമായി അവതരിപ്പിക്കും. മെയ് 1 മുതല്‍ 8 വരെ തീയതികളില്‍ രാത്രി 8 മണിക്ക് യഥാക്രമം പട്ടടബലി, നിണബലി, പഞ്ചഭൂതബലി, ആഴിബലി, കിടങ്ങുബലി, മറുകുബലി (തട്ടുബലി), പീഠബലി, ദിക്ബലി എന്നി ചടങ്ങുകള്‍ നടക്കും.
മെയ് 5 മുതല്‍ 9 വരെ തീയതികളില്‍ രാവിലെ പറകൊട്ടിപ്പാട്ടിനെ തുടര്‍ന്ന് മുറയോത്ത് നടക്കും. 7 മുതല്‍ 9 വരെ തീയതികളില്‍ രാവിലെ മുറയോത്തിനെതുടര്‍ന്ന് പാനയടിയും 8ന് രാവിലെ കമുകിന് കാപ്പ്കെട്ടും 9ന് രാവിലെ കൂമ്പുബലിയുടെ കമുക് എടുക്കല്‍ ചടങ്ങും രാത്രി കൂമ്പുബലിയുടെ കൂമ്പ് നാട്ടല്‍ ചടങ്ങും തുടര്‍ന്ന് വലിയ അടവി വരവും നടക്കും. മെയ് 10ന് ുദയത്തിന് മുമ്പ് കൂമ്പുബലി, തുടര്‍ന്ന് പുറംകളത്തില്‍ ഗുരുതി, കാപ്പഴിക്കല്‍, ഫലശ്രുതി, ആചാര്യദക്ഷിണ, മഹാ അന്നദാനം എന്നിവയാണ് പ്രധാന പരിപാടികള്‍.

പള്ളിപ്പാനയുടെ ലോഗോ പ്രകാശനം സെക്രട്ടറി നടന്‍ ജയറാം നിര്‍വഹിച്ചു. പത്താമുദയദിനമായ ഏപ്രില്‍ 24ന് കലകരിയ്ക്കല്‍, കുംഭകുടം, തൂക്കം, ഗരുഡന്‍തൂക്കം എന്നീ ചടങ്ങുകള്‍ നടക്കുമെന്ന് ദേവസ്വം ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു..പ്രസിഡന്‍റ് ടി.എന്‍.ശ്രീകുമാരശര്‍മ്മ, സെക്രട്ടറി പി.മോഹനചന്ദ്രന്‍ നായര്‍, വെസ് പ്രസിഡന്‍റ് പി.ആര്‍.രാമന്‍ നായര്‍, ജോയിന്‍റ് സെക്രട്ടറി പി.അനില്‍കുമാര്‍, ട്രഷറര്‍ കെ.കെ.വിജയകുമാരന്‍ നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഒ.കെ. മണിക്കുട്ടന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്.



