• തൃശൂർ: മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സിപിഐഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയലിലേക്ക് ജനവിധി തേടിയിരുന്നു. 1960കളുടെ അവസാനത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത് പ്രവർത്തിച്ച് തുടങ്ങിയ ബേബി ജോൺ 1971ലാണ് സിപിഐഎമ്മിൻ്റെ അം​ഗമാകുന്നത്. സിപിഐഎമ്മിൻ്റെ പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചാണ് തൃശൂർ ജില്ലയിലെ സിപിഐഎം നേതൃത്വത്തിലേയ്ക്ക് ബേബി ജോൺ ഉയരുന്നത്. 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായിയ ബേബി ജോൺ 1986ൽ ജില്ലാ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1997മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമായി. 2006ലാണ് സിപിഐഎമ്മിൻ്റെ തൃശൂർ ജില്ലാ സെക്രട്ടറിയാകുന്നത്.


  • കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്. ഭൗതിക ശരീരം വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം ഞായറാഴ്ചയോടെ കോതമംഗലത്തുള്ള തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തറവാട്ടു വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 4 മണിയോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ശ്രീശാന്ത് എന്നിവർ മക്കളാണ്.



  • തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനും ബിജെപി നേതാവുമായ കെ.കുഞ്ഞിക്കണ്ണൻ(72) അന്തരിച്ചു. 50 വർഷമായി ജന്മഭൂമിയുടെ തുടക്കം മുതൽ പത്രപ്രവർത്തകനായ അദ്ദേഹം ഔദ്യോഗികമായിവിരമിച്ച ശേഷവും തിരുവനന്തപുരത്ത് റസിഡന്റ് എഡിറ്ററായിരുന്നു. യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയമസഭ നിയോ ജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്‌ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം സെപ്റ്റംബർ 10 വ്യാഴം വൈകിട്ട് നാലിന് ശാന്തികവാടത്തിൽ. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ വീണു പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച പുലർച്ചയാണ് അന്തരിച്ചത്.
  •  

    കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം  പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെ മനോരമയിൽ ചേരുകയായിരുന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്.  കൊച്ചിയിൽ 'സർവശിക്ഷ കേരള'ത്തിൽ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ.

    ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തിട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.



  • കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. 2025 ലാണ് സാമൂതിരി രാജയായി അധികാരമേറ്റത്. ഫാർമക്കോളജി വിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡ് ജേതാവുമാണ്. തിരുവണ്ണൂർ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗമാണ്. ഗാന്ധിജിയുടെ കോഴിക്കോട് സന്ദർശനവേളയിൽ കൈയിലെ സ്വർണവള അദ്ദേഹത്തിന് ഊരി നൽകിയിരുന്നു. സ്വാത ന്ത്ര്യസമരത്തിന്റെ ഭാഗമായ മുൻ അമ്പാടി കോവിലകത്തെ ശ്രീദേവിവർമയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാല രാമവർമയുടെയും മകനാണ്.

    ചിന്താവളപ്പിലെ ഫ്ലാറ്റിലായിരുന്നു താമസം. തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീവർമയാണ് ഭാര്യ. മക്കൾ: സുനീതി രാജ (വിവർത്തകയും ബുക്ക് എഡിറ്ററും, ഡൽഹി), ഡോ. കെ. സുജിത്ത് വർമ (പ്രിൻസിപ്പൽ,  നാഷണൽ കോളേജ് ഓഫ് ഫാർമസി, കെഎംസിടി). മരുമക്കൾ: കെ.സി. രവീന്ദ്രൻ രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥൻ), ആർ. ദിവ്യ (അധ്യാപിക കൊയിലാണ്ടി ഗവ. എം.വി. ഹൈസ്കൂൾ). സഹോദരങ്ങൾ: ഇന്ദിര രവിവർമ,  സര സ്വതിവർമ, പരേതയായ സേതുവർമ. സംസ്കാരം ഇന്ന് വൈകീട്ട്.



  • ഏറ്റുമാനൂര്‍: പ്രശസ്ത മയൂരനൃത്ത കലാകാരന്‍ ഏറ്റുമാനൂര്‍ ചൂരകുളങ്ങര ഇല്ലത്തുപറമ്പില്‍ ചൂരകുളങ്ങര മണി എന്ന കുമാരനല്ലൂർ മണി (നാരായണൻ - 82) അന്തരിച്ചു. ഭാര്യ: വെമ്പള്ളി ഏഴേകുന്നേല്‍ കുടുംബാംഗം ലക്ഷ്മികുട്ടി. മക്കള്‍: രമേശ് (സുരേഷ്), ഹരികുമാര്‍ (മയൂരനൃത്ത കലാകാരന്‍), മരുമക്കള്‍: നിര്‍മ്മല, അമ്പിളി. മൃതദേഹം ചൊവ്വാഴ്ച 12 മണി വരെ ചൂരകുളങ്ങരയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം 4 മണിക്ക് കാണക്കാരി പനാമകവലയ്ക്കു സമീപമുള്ള മകന്‍ സുരേഷിന്‍റെ വീട്ടുവളപ്പില്‍. 


    കേരളത്തിലെ പാരമ്പര്യ അനുഷ്ഠാന കലയായ മയിലാട്ടം (മയൂരനൃത്തം) ജനകീയമാക്കുന്നതിൽ പ്രമുഖപങ്കുവഹിച്ച കലാകാരനാണ് മണി. മയിലാട്ടത്തിന് ആവശ്യമായ അസാധാരണമായ സ്റ്റാമിനയും മരകമ്പുകളിൽ ഉയർന്നുള്ള പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹത്തിന് കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുമാരനല്ലൂർ സ്വദേശിയായ ഇദ്ദേഹം കേരളത്തിലെ വിവിധ ഉത്സവപ്പറമ്പുകളിലും ക്ഷേത്രങ്ങളിലും ഈ തനിമയാർന്ന കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മകന്‍ ഹരികുമാര്‍ (കുമാരനല്ലൂര്‍ ഹരി) ആണ് ഇപ്പോള്‍ ഈ കല അവതരിപ്പിക്കുന്നത്.



  • ചിറ്റൂർ: മുതിർന്ന കോൺഗ്രസ് നേതാവും 20 വർഷം ചിറ്റൂർ എംഎൽഎയുമായിരുന്ന കെ അച്യുതൻ അന്തരിച്ചു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ്റെ പിതാവാണ്. പാലക്കാട് ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.


  • തിരുവനന്തപുരം: സംവിധായകന്‍ ആര്‍ ശരത് (65) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കരള്‍രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം. സായാഹ്നം, സ്ഥിതി, സീലാബതി, ദി ഡിസയര്‍: എ ജേര്‍ണി ഓഫ് എ വുമണ്‍, പരുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

    ഡോക്യുമെന്ററി സംവിധായകന്‍ ആയിട്ടാണ് ആര്‍ ശരത് സിനിമാ ജീവിതം ആരംഭിച്ചത്. 2000ല്‍ നിരൂപക പ്രശംസ നേടിയ സായാഹ്നം എന്ന നാടകത്തിലൂടെയാണ് ഫീച്ചര്‍ ഫിലിം നിര്‍മ്മാണത്തിലേക്ക് ആര്‍ ശരത് കടക്കുന്നത്. പരിസ്ഥിതി, ആണവ വിരുദ്ധ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഒരു ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. വേറിട്ട സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു ശരത്.

    സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറയുന്ന സ്ഥിതി എന്ന സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. പുരാണി ഡണ്‍ അദ്ദേഹത്തിന്റെ ഹിന്ദി ഹ്രസ്വചിത്രമാണ്. ദി ഡിസയര്‍: എ ജേര്‍ണി ഓഫ് എ വുമണ്‍ എന്ന പേരില്‍ ഇന്തോ-ചൈനീസ് സഹ-നിര്‍മ്മാണ ഹിന്ദി ഫീച്ചര്‍ ഫിലിം ശരത് സംവിധാനം ചെയ്തിരുന്നു. ഇതും വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി ബഹുമതികള്‍ നേടുകയും ചെയ്തിരുന്നു.


  • പന്തളം: തിരുവാഭരണ പേടകസംഘം ഗുരുസ്വാമി ആയിരുന്ന പന്തളം തോന്നല്ലൂർ കുളത്തിനാലിൽ ഗംഗാധരൻ പിള്ള (91) അന്തരിച്ചു. ഇന്ന് പകൽ 3 മണിയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നില്ലായിരുന്നു. കഴിഞ്ഞ വർഷം ആണ് പുതിയ ഗുരുസ്വാമിയെ തെരഞ്ഞെടുത്തത്. 18 വയസിൽ തിരുവാഭരണ പേടക വാഹക സംഘത്തിൽ അച്ഛൻ നാരായണപിള്ളക്ക് ഒപ്പം യാത്ര തുടങ്ങിയ ഗംഗാധരൻ പിള്ള, 20 വർഷം ആയി അദ്ധേഹം ഗുരുസ്വാമി ആയിരുന്നു. അച്ഛൻ കോമാട്ട് നാരായണപിള്ളയും തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമിയായിരുന്നു.


  • കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ആദ്യ ചെയര്‍മാനാണ്. നാദാപുരം മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്നപ്പോള്‍, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായിരുന്നു വീരാന്‍കുട്ടി.

    കോണ്‍ഗ്രസ് അഖിലേന്ത്യ തലത്തില്‍ പിളര്‍പ്പിനെ നേരിട്ടപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്നു. അഡ്വക്കറ്റ് പി ശങ്കരന് ശേഷം വീരാന്‍കുട്ടി കോഴിക്കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 11.30-ന് കാമശ്ശേരി ജുമാമസ്ജിദ് കബറിസ്താനില്‍ നടക്കും. ഭാര്യ: കോനോത്ത് ഫാത്തിമ. മക്കൾ: ഫായിസ്, ഫവാസ് (ഇരുവരും ഖത്തർ), ഫാസിൽ (അസി. ഷിഫ്റ്റ്‌ എൻജിനിയർ, കെ.എസ്.ഇ.ബി. തിരുവമ്പാടി), എം.വി. ഫാരിസ് (എച്ച്.ആർ, അക്കൗണ്ട് ലീഡ്). മരുമക്കൾ: ഫാത്തിമ ജസ്ബിൻ പറമ്പൻ, ഷോമിയ (അഞ്ചരക്കണ്ടി), ഫാത്തിമ താനി (താമരശ്ശേരി). 



  • കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അരീക്കോട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ട് ദിവസം മുന്‍പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മൂവായിരത്തിലധികം പാട്ടുകള്‍ക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്.

    ദേവരാജന്‍ മാസ്റ്ററുടെയും രവി ബോംബെയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. നടന്‍ മാമുക്കോയ അബൂബക്കറുടെ സഹപാഠിയായിരുന്നു. വിദ്യാര്‍ത്ഥികളായിരിക്കെ മാമുക്കോയ പറഞ്ഞതുകൊണ്ട് ടീച്ചര്‍ അബൂബക്കറെക്കൊണ്ട് പാടിച്ചിരുന്നു. ഇത് ബാബുരാജിന്റെ തബലിസ്റ്റായിരുന്ന ടി ഉസ്മാന്‍ കേള്‍ക്കാന്‍ ഇടയായി. അങ്ങനെ അബൂബക്കര്‍ ബാബുരാജിന്റെ ട്രൂപ്പിലേക്ക് എത്തപ്പെടുകയായിരുന്നു. ബാബുരാജിന്റെ ട്രൂപ്പിലൂടെയായിരുന്നു അബൂബക്കറുടെ സംഗീതലോകത്തെ അരങ്ങേറ്റം.


  • തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. സിഐടിയു നേതാവായിരുന്ന ഹബീബിൻ്റെ മകനാണ്. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കൊളജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.



  • മലപ്പുറം: പ്രമുഖ യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

    മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് സ്വാലിഹിന്റെ മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ സ്വാലിഹിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നുവെന്നും മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

    മലപ്പുറം വളാഞ്ചേരി സ്വദേശിയായിരുന്നു സ്വാലിഹ്. ശാരീരിക വെല്ലുവിളികള്‍ നേരിട്ടിരുന്ന സ്വാലിഹിന്റെ വീഡിയോകള്‍ നിരവധിയാളുകളാണ് കണ്ടിരുന്നത്. കരേക്കാട് സി കെ പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും.


  • കണ്ണൂർ: വാഹനപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്‌ത എഴുത്തുകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് ( ടി. കെ ദാമോദരൻ ) അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. നോവൽ, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്.

    കഴിഞ്ഞാഴ്ച മുഴപ്പിലങ്ങാട് വെച്ച് റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ചാണ് അപകടമുണ്ടായത്. നില ഗുരുതരമായതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

    കടൽ കാക്ക, പെരുന്തച്ചൻ, ഒരു വിലക്ക് എന്നീ ചലച്ചിത്രങ്ങളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആകാശവാണിക്കും ദൂരദർശനും വേണ്ടി നിരവധി രചനകൾ നിർവഹിച്ചിട്ടുണ്ട്. ടി പി ഉഷയാണ് ടി. കെ. ഡി. മുഴപ്പിലങ്ങാടിന്റെ ഭാര്യ. ശ്രീജിത് പ്രസാദ്, ശ്രീസംഗീത ജഗദീശൻ, ശ്രീഷിത ശൈലേഷ് എന്നിവരാണ് മക്കൾ.


  • ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ (80) അന്തരിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. അതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984 നവംബറില്‍ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2018 ഡിസംബര്‍ 17ന് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കലാപത്തിനിടെ രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ട കേസില്‍ 2025 ഫെബ്രുവരിയില്‍ ഡല്‍ഹി കോടതിയും സജ്ജന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം ജനക്പുരി, വികാസ് പുരി എന്നിവിടങ്ങളില്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്ന കേസുകളില്‍ സജ്ജന്‍കുമാറിനെ കോടതി വെറുതെ വിട്ടിരുന്നു.





  • മലപ്പുറം: ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്തെ പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ ശൈഖുനാ കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാർ (85) അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം  സജീവമായി സേവനമനുഷ്ഠിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനും മികച്ചൊരു സംഘാടകനുമായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും


  • പാലക്കാട്: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ എം.ബി. ബ്രിജേഷ്( ) അന്തരിച്ചു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടിയിലെ വസതിയിൽ രാവിലെ മൃതദേഹം എത്തിക്കും. തുടർന്ന് പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.



  • കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു.  

    ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തിൽ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 

    കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വളർച്ചയിൽ നേതൃപരമായി നിരവധി സംഭാവനകൾ എം പി പരമേശ്വരൻ നൽകിയിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചർച്ചകൾ ശക്തമാക്കാനും ശാസ്ത്രീയ മനോഭാവം വളർത്താനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായിച്ചിച്ചുണ്ട്. 

    മാർക്സിസ്റ്റ് ആശയങ്ങളെയും ശാസ്ത്രീയ ചിന്തയെയും സാമൂഹിക വികസനത്തെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധിയായ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.



  • ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി(88) വിടവാങ്ങി. ബെംഗളൂരുവില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുന റാണി തന്റെ ഏഴാമത്തെ വയസ്സില്‍ തെലുങ്ക് ക്ലാസിക് ത്യാഗയ്യ (1946) എന്ന ഗാനത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.

    തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലുടനീളം നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ചു. സിംഹള ഗാനങ്ങളിലൂടെ ശ്രീലങ്കന്‍ സിനിമയ്ക്കും അവര്‍ ഗണ്യമായ സംഭാവനകള്‍ നല്‍കി. ദ്രോഹി, രത്നമാല, ലൈല മജ്നു, ചന്ദ്രാണി, ദേവദാസ്, ആലിബാബ 40 ദോംഗലു, അന്ന തമുഡു തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.



  • കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി(65) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് വിയോഗം. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി സ്ഥാപനത്തെ നയിക്കുകയാണ്.

    ചെയര്‍മാനായി രമേശന്‍ ചുമതലയേറ്റത് 1995ലാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ രമേശന്‍ പാലേരിയുടെ മുത്തച്ഛനായിരുന്നു. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്‍ ഇദ്ദേഹത്തിന്റെ പിതാവും. 100 വര്‍ഷത്തിനിടയില്‍ 80 വര്‍ഷവും സൊസൈറ്റിയെ നയിക്കാനുള്ള ഭാഗ്യം ഇവരുടെ കുടുംബത്തിനുണ്ടായി. പിതാവിന്റെ വഴിയെ രമേശനും 32 വര്‍ഷം സൊസൈറ്റിയുടെ ചെയര്‍മാനായി.



  • കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഖബറടക്കം വൈകുന്നേരം 5.30ന് തോപ്പയില്‍ ജുമാമസ്ജിദില്‍ നടക്കും. പതിനൊന്നാം നിയമസഭയില്‍ കോഴിക്കോട് രണ്ടില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.



  • ഏറ്റുമാനൂർ : ഏറ്റുമാനൂർ മാടപ്പാട് കുഴിയടിമന (ഗീതാഞ്ജലി) പ്രൊഫ.പി കെ നാരായണൻ നമ്പൂതിരി (85) അന്തരിച്ചു. മാന്നാനം കെ ഇ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. പുന്നത്തറ ക്രോധമംഗലം ഇല്ലം ശാന്ത അന്തർജനം ആണ് ഭാര്യ. മക്കൾ : ദുർഗേഷ്, ശുഭ. മരുമക്കൾ : ജിഷ മരുതൂർ , ശ്രീകുമാർ ചിറ്റായിൽ.  സഹോദരങ്ങൾ : ശ്രീദേവി കിഴുപ്പുറം, ശാരദ മാടശ്ശേരി, ഇന്ദിര തത്തമംഗലം, ജയദേവൻ, ദിനേശൻ, ഹേമ കോവാട്ട്. സംസ്കാരം നാളെ (25/07/2026 ശനിയാഴ്ച) രാവിലെ 11 ന് ഏറ്റുമാനൂർ മാടപ്പാട്ട് തറവാട്ട് വളപ്പിൽ.


  • കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു. നാളെ രാവിലെ 10 മണിക്കാണ് മയ്യിത്ത് നിസ്‌കാരം. മലപ്പുറം തിരൂർക്കാട്ടെ വീട്ടിൽ എത്തിക്കുന്ന ഭൗതികദേഹം പിന്നീട് തിരൂർക്കാട് അൻവാറുൽ ഇസ്‌ലാമിൽ പൊതുദർശനത്തിനായി എത്തിക്കും.

    തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടി മാടമ്പിയുടെയും മകനായി 1945ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കും മുറിയിലാണ് ആലിക്കുട്ടി മുസ്ലിയാരുടെ ജനനം. പിതാമഹനായ കുന്നത്ത് ആലി ഹാജിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. 2010-ൽ സമസ്ത ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആലിക്കോയ മുസ്ലിയാർ 2016-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 

    നിലവിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ്, സമസ്‌ത ഭത്‌വ കമ്മിറ്റി അംഗം, സുന്നി അഫ്കാർ വാരിക ചീഫ് എഡിറ്റർ പദവി വഹിക്കുന്നു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. ആൾ ഇന്ത്യ പേഴ്‌സണൽ ലോ ബോർഡ്, മുസ്‌ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവാണ്. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.





  • കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം കോട്ടയം മാങ്ങാനം ഇരവിമംഗലം വീട്ടിൽ ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു. ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്. മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. 

    കടുത്ത പ്രമേഹ രോഗത്തെ തുടർന്നു കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു.രണ്ടു തവണ (2005, 2015) വിജയപുരം  ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മാതൃഭൂമി സ്റ്റഡി സർക്കിൾ കോട്ടയം ജില്ലാ പ്രസിഡൻ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 - 18 കാലത്ത് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ അലുമ്നി അസോസിയേഷൻ 1976-82 ബാച്ച് പ്രസിഡൻ്റ് സ്ഥാനം വഹിച്ചു.

    ഇപ്പോൾ മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ 7.30ന് മാങ്ങാനത്തെ വീട്ടിൽ കൊണ്ടുവരും. മാങ്ങാനം ഇരവിമംഗലം വീട്ടിൽ പരേതരായ മുൻ പോസ്റ്റ്മാസ്റ്റർ എൻ.ബാലകൃഷ്‌ണപിള്ളയുടെയും കാഞ്ഞിരപ്പള്ളി തമ്പലക്കാട് എൻഎസ്എസ് പ്രൈമറി സ്‌കൂൾ മുൻ ഹെഡ്‌മിസ്ട്രസ് പി.ജി.ഭഗീരഥിയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. ബി.ജയകുമാർ (കോൺട്രാക്ടർ), ബി.ജ്യോതി എന്നിവർ സഹോദരങ്ങളാണ്.


  • കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ അന്തരിച്ചു. 80 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ച് നാളായി ചികിത്സയിലായിരുന്നു. മണലൂർ മുൻ എംഎൽഎയായിരുന്നു. തൃശൂർ ഡിസിസി പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.

    2026 ഫെബ്രുവരിയിൽ മുണ്ടൂരിലെ വീടിനു സമീപത്തുവെച്ചാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു പിക്കപ്പ് വാൻ അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അന്നു മുതൽ ചികിത്സയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

    2011 മുതൽ 2016 വരെയുള്ള കാലയളവിലാണ് അദ്ദേഹം നിയമസഭയിൽ മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. മുൻപ് തൃശൂർ ഡിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തുടങ്ങിയ സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.



  • ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്. 

    ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത. 1953 ജനുവരി 7ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലുള്ള വെള്ളന്‍കോയിലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായിട്ടാണ് ഭാഗ്യരാജ് സിനിമയില്‍ എത്തിയത്. 16 വയതിനിലേ, സിഗപ്പു റോജാക്കള്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയായും ചെറിയ വേഷങ്ങള്‍ ചെയ്തും ശ്രദ്ധേയനായി. 1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങള്‍ ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.



  • തിരുവനന്തപുരം:  മുതിര്‍ന്ന മാധ്യമപ്രവർത്തകനും ജേർണലിസം അധ്യാപകനുമായ എൻആർഎസ് ബാബു അന്തരിച്ചു. 85വയസായിരുന്നു. കലാകൗമുദി വാരിക എഡിറ്റർ, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ എന്ന നിലകളിൽ പ്രശസ്തനായ അദ്ദേഹം തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇൻസ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ർ എന്ന നിലയിലും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ - മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ-ചെയർമാനാണ്.



  • ബെംഗളൂരു: എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി ലങ്കേഷ് ഭര്‍ത്താവും എഴുത്തുകാരി ഗൗരി ലങ്കേഷ് മകളുമാണ്.



  • ചെന്നൈ: പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ് ഭാരതിരാജ. 

    കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭാരതിരാജയുടെ മകന്‍ മനോജ് ഭാരതിരാജ അന്തരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മനോജിന്റെ മരണം. മകന്റെ മരണം ഭാരതിരാജയെ വൈകാരികമായി തളര്‍ത്തിയിരുന്നു. മകന്റെ മരണം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഭാരതിരാജയുടെ സഹോദരന്‍ ജയരാജ് പെരിയമയത്തേവര്‍ മുന്‍പ് പറഞ്ഞിരുന്നു.

    ഗ്രാമീണ കഥകള്‍ക്ക് പുനര്‍വിര്‍വചനം നല്‍കുകയും നിരവധി സിനിമകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്‌സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കി.

    തൊട്ടടുത്ത വര്‍ഷം കിഴക്കേ പോകും റെയില്‍ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒരുക്കിയത്. അതേ വര്‍ഷം തന്നെ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാര്‍പ്പുകള്‍, നിറം മാറാത്ത പൂക്കള്‍, റെഡ് റോസ്, നിഴല്‍ഗള്‍, അലൈകള്‍ ഒയ്‌വതല്ലൈ, ടിക് ടിക് ടിക്, കാതല്‍ ഓവിയം, വാലിബമേ വാ വാ, മന്‍ വാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു.

    ആറ് തവണ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


  • കണ്ണൂർ: കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ അർദ്ധരാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിലാണ്. സംസ്കാരം നാളെ നടക്കും.

    പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയും, പ്രമുഖ അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്നു ശ്രീഹരി. കഴിഞ്ഞ മെയ് 30നാണ് സർവീസിൽ നിന്നും വിരമിച്ചത്. ഡി സി ബുക്സ് 1999-ൽ പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും, സാഹിത്യ പ്രവർത്തക സഹകരണ സംഘം 2001-ൽ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്ന പുസ്തകത്തിലും കവിതകൾ വന്നിട്ടുണ്ട്.

    എ സി ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ എൻ കക്കാട്, വി ടി കുമാരൻ, വൈലോപ്പിള്ളി എന്നി അവാർഡുകൾ നേടിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ സ്വദേശിയാണ് എ സി ശ്രീഹരി.



  • ലോസ് ആഞ്ജലിസ്: ഹോളിവുഡ് ചലച്ചിത്രസംയോജക മാർസിയ ലൂക്കസ് അന്തരിച്ചു. 80 വയസായിരുന്നു. അർബുദബാധിതയായിരുന്നു. 1977-ൽ പുറത്തിറങ്ങിയ 'സ്റ്റാർ വാർസി'ന്റെ എഡിറ്റിങ്ങിലൂടെ ഓസ്‌കർ നേടിയിരുന്നു. ഹോളിവുഡിൽ സാങ്കേതികരംഗത്ത് സ്ത്രീകൾ അപൂർവമായ കാലത്താണ് മാർസിയ ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ചത്.

    'റിട്ടൺ ഓഫ് ദ ജെഡൈ', 'ടിഎച്ച്എക്‌സ് 1138', 'അമേരിക്കൻ ഗ്രാഫിറ്റി' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചു. സംവിധായകൻ മാർട്ടിൻ സ്‌കോർസെസിന്റെ 'ടാക്സി ഡ്രൈവർ', 'ആലിസ് ഡസിന്റ് ലിവ് ഹിയർ എനിമോർ', 'ന്യൂയോർക്ക് ന്യൂയോർക്ക്' തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് ടീമിലുമുണ്ടായിരുന്നു. സ്റ്റാർ വാർസിന്റെ സ്രഷ്ടാവുകൂടിയായ ജോർജ് ലൂക്കസിനെ 1969-ൽ വിവാഹംചെയ്തു. 1983-ൽ വിവാഹമോചിതയായി.



  • ചെന്നൈ: നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി (84 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് മരണം. ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യ കര്‍മങ്ങള്‍ നടക്കുക. നിലവില്‍ ദുബായിലുള്ള അജിത് അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ചെന്നൈയിലേക്ക് മടങ്ങിയിട്ടുണ്ട്.

    സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് അജിത്തിന്റെ അമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. നടന്‍ കമല്‍ ഹാസന്‍, മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയിയലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു അജിത്തിന്റെ അച്ഛന്‍ സുബ്രഹ്മണി മരണപ്പെടുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അജിത് കുമാര്‍ റേസിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയമാണിത്. അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ്.



  • കോഴിക്കോട്: മുന്‍ മേയറും മുതിര്‍ന്ന സിപിഐഎം നേതാവുമായ ടി പി ദാസന്‍ (76) അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി അശോകപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-95 കാലയളവിലാണ് കോഴിക്കോട് മേയറായി സേവനമനുഷ്ടിച്ചത്.

    കെഎസ്‌വൈഎഫിന്റെയും കെഎസ്എഫിന്റെയും സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ടി പി ദാസന്‍ ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനും കേരള അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്നു. 1992 മുതല്‍ 1994 വരെ കോഴിക്കോട് മേയറായിരുന്നു. 1996 മുതല്‍ 2001 വരെ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാനും എല്‍ഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവുമായിരുന്നു. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാവാണ് ടി പി ദാസന്‍.

    1950 ജൂണ്‍ ഒന്നിന് കൊയിലാണ്ടിയിലാണ് ടി പി ദാസന്‍ ജനിച്ചത്. കാരയാട് എല്‍പി, കല്‍പ്പത്തൂര്‍ യുപി, മേപ്പയൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമ നേടി. പഠനശേഷം തളി ഗവ. യുപി സ്‌കൂളില്‍ താല്‍ക്കാലിക കായികാധ്യാപകനായി ജോലി ചെയ്തു. 1973-ല്‍ അധ്യാപക സമരത്തില്‍ ജയിലിലായതോടെ ജോലി നഷ്ടമായി. ടി വി ലളിതയാണ് ഭാര്യ. മക്കള്‍ മിലി, മിനി, മിഥുന്‍. മരുമക്കള്‍. ബൈജു, സജീഷ്, നീതു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മാവൂർ റോഡ് ശ്മാശനത്തിൽ നടക്കും. മൃതദേഹം നിലവിൽ സഹകരണ ആശുപത്രി മോർച്ചറിയിലാണ്.



  • ബെംഗളൂരു:തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലായി അറുപതിലധികം സിനിമകളിൽ അഭിനയിച്ച മുതിർന്ന നടനും നിരൂപകനുമായ എസ്. സത്യേന്ദ്ര (65) അന്തരിച്ചു. വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു .ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സത്യേന്ദ്രയുടെ ബെംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    ആന്ധ്രാ പ്രദേശിൽ നിന്നുള്ള സത്യേന്ദ്ര വളർന്നത് കർണാടകയിലാണ്. പ്രശസ്ത കന്നഡ സംവിധായകൻ പി.വി. കാരന്തുമായുള്ള ബന്ധത്തിലൂടെയാണ് സത്യേന്ദ്രയ്ക്ക് നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. പിന്നീട് പി.വി. കാരന്തിൻ്റെ സുഹൃത്ത് സംവിധാനം ചെയ്ത 'നാഗപർണ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.

    ഹരിഹരൻ സംവിധാനം ചെയ്ത 'ഈളവത്തു മനിതൻ' എന്ന ചിത്രത്തിലൂടെയാണ് സത്യേന്ദ്ര തമിഴ് ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം 1982ൽ പുറത്തിറങ്ങി. തുടർന്ന് 'മൺവാസനൈ', 'കമതാമ കന്യം കന്നഡ', 'സത്യ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021ൽ വസന്ത ബാലൻ സംവിധാനം ചെയ്ത 'ജയിൽ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രശസ്ത എഡിറ്റർ പി. ലെനിൻ സംവിധാനം ചെയ്ത 'നോക്കൗട്ട്' എന്ന ഷോർട്ട് ഫിലിമിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഈ ഷോർട്ട് ഫിലിമിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.

    തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിലായി 60ലധികം സിനിമകളിലും 150ലധികം ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 15 ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന നടൻ, സംവിധായകൻ, നിർമാതാവ്, വിവർത്തകൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം കന്നഡ സാഹിത്യത്തിലും തത്ത്വചിന്തയിലും രണ്ട് മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ജർമൻ, സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ പഠിച്ച അദ്ദേഹം വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് ഒരു ഭാഷാ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.



  • മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ മംഗലം ഗോപിനാഥ് അന്തരിച്ചു. 88 വയസായിരുന്നു. അര്‍ബുദബാധിതനായി മഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മുന്‍ എഐസിസി അംഗമായിരുന്നു. 'അല്‍ അമീന്‍', 'മലബാര്‍ ടുഡേ' തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്ന മംഗലം ഗോപിനാഥ് കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എം രുഗ്മിണി. മക്കള്‍: എം ജി സുരേഷ്‌കുമാര്‍, എം ജി സുനന്ദ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മഞ്ചേരി വെട്ടേക്കോട് നടക്കും.





  • തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി ഉണ്ടായ വീഴ്ചയാണ് മരണ കാരണം. മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു. സംസ്കാരം ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടന്നു. സജിയുടെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി.

    2014 ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിട്ടാണ് മലയാളി പ്രേക്ഷകർക്ക് സജി സുപരിചിതനാകുന്നത്. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്‌ത മാൻഹോൾ, ഗോപികുറ്റിക്കോൽ സംവിധാനം ചെയ്ത അരയാക്കടവിൽ, ബീരൻ, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടൽ (ഷോർട്ട് ഫിലിം), അന്യർ (പനോരമ സെലക്ഷൻ ലഭിച്ച ഡോക്യുമെന്ററി) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. 



  • ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ റി​ട്ട.​മേ​ജ​ർ ജ​ന​റ​ൽ ഭു​വ​ൻ ച​ന്ദ്ര ഖ​ണ്ഡൂ​രി(91) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഡെ​റാ​ഡൂ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. മ​ക​ളും ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യ ഋ​തു ഖ​ണ്ഡൂ​രി ഭൂ​ഷ​ൺ ആ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ നി​ന്ന് മേ​ജ​ർ ജ​ന​റ​ൽ ആ​യി വി​ര​മി​ച്ച ശേ​ഷ​മാ​ണ് ഖ​ണ്ഡൂ​രി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

    ജ​ന​റ​ൽ സാ​ഹി​ബ് എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ര​ണ്ട് ത​വ​ണ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി. 2007-ലാ​ണ് ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലെ​ത്തു​ന്ന​ത്. 2009-ലെ ​ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ അ​ഞ്ച് സീ​റ്റു​ക​ളി​ലും ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് രാ​ജി​വെ​ച്ചു. 2011-ൽ ​വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യി. അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് സ​ർ​ക്കാ​രി​ൽ റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു.


  • പാറമേക്കാവ് :കേരള കാർഷിക സർവ്വകലാശാല റിട്ട പ്രൊഫസർ ഡോ ജി രഘുനാഥൻ നായർ(86) അന്തരിച്ചു. മണ്ണുത്തി നടത്തറ റോഡ് ഗാന്ധിനഗറില്‍( പങ്കജശ്രീ GN NO. 26)ലാണ് താമസം.സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ : പത്മജ നായർ. മക്കൾ: ഡോ അശ്വത് കുമാർ, അനൂപ് കുമാർ. മരുമക്കൾ : ഡോ ആർദ്ര മേനോൻ, ലക്ഷ്മി മേനോൻ. 



  • ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത്. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ 'മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.

    അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. 24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്.



  • കണ്ണൂർ: മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (41) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്‌, അമൃത ടിവി, ജയ്‌ഹിന്ദ്‌ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരിൽ നടക്കും. ഇന്ത്യൻ വോളിബോൾ താരമായിരുന്ന മനു ജോസഫ് സഹോദരനാണ്.