16 August, 2026 07:34:07 PM
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. നാളെ ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ രാവിലെ 5നാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക.ചിങ്ങം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നതിനുള്ള 'ഉൾക്കഴകം' ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.
ചിങ്ങം 1 മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ ഉണ്ടായിരിക്കും. അഞ്ചു ദിവസത്തെ ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് തിരുവോണ പൂജകൾക്കായി ആഗസ്റ്റ് 24-ന് വൈകിട്ട് ശബരിമല നട വീണ്ടും തുറക്കും. ചിങ്ങ മാസ പൂജകൾക്കായി ശബരിമലയിൽ എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.


