20 March, 2026 04:54:38 PM
പൗർണമിക്കാവിൽ ആദിശക്തിയുടെ ശ്രീകോവിൽ അവസാന ഘട്ടത്തിൽ; പ്രതിഷ്ഠ 2 ന്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിലെ ആദിശക്തിയുടെ ശ്രീകോവിലിന്റെ നിർമാണം അവസാന ഘട്ടത്തിൽ.ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ആദിശക്തിയുടെ വിഗ്രഹമാണ് പൗർണമിക്കാവിൽ പ്രതിഷ്ഠിക്കുന്നത്. രാജസ്ഥാനിലെ മാർബിൾ മലയിൽ നിന്നും ഒറ്റക്കല്ലിൽ കൊത്തിയെടുത്ത 23 അടി പൊക്കമുള്ളതാണ് ആദിശക്തിയുടെ വിഗ്രഹം. അതോടൊപ്പം പ്രതിഷ്ഠിക്കുന്ന രാജമാതംഗിയുടേയും ദുർഗയുടേയും വിഗ്രഹങ്ങളും രാജസ്ഥാനിലാണ് കൊത്തിയെടുത്തത്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാൻ മുതൽ പൗർണമിക്കാവ് വരെ സ്വീകരണം കൊടുത്താണ് മൂന്ന് ട്രയിലറുകളിലായി വിഗ്രഹങ്ങൾ കൊണ്ടുവന്നത്. ഇത്രയും ഉയരമുള്ള വിഗ്രഹങ്ങൾ മേൽക്കൂര ഇല്ലാതെ പ്രതിഷ്ഠിക്കാറുണ്ടെങ്കിലും താന്ത്രിക വിധി പ്രകാരമുള്ള ക്ഷേത്ര ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിക്കുന്നത് ലോക ചരിത്രത്തിൽ ആദ്യമായാണ്. പൂർണമായി തേക്കിലും ഈട്ടിയിലുമാണ് ആദിശക്തിയുടെ ശ്രീകോവിൽ നിർമിച്ചിരിക്കുന്നത്. മേൽക്കൂരയിൽ ചെമ്പ് തകിടുകൾ പാകിയിട്ടുണ്ട്.

ഏപ്രിൽ രണ്ടാം തീയതിയിലെ മീനമാസ പൗർണമിയിലാണ് ശ്രീകോവിൽ സമർപണം നടക്കുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശങ്കരഭട്ടും ആസാം കാമാഖ്യക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ അശോക് ഭട്ടാചാര്യയും ചേർന്നാണ് ശ്രീകോവിൽ സമർപണത്തിന് കാർമികത്വം വഹിക്കുന്നത്.
അഞ്ച് വർഷത്തിന് മുമ്പ് പൗർണമിക്കാവിൽ നടന്ന യാഗത്തിന്റെ വിധി പ്രകാരമാണ് ആദിശക്തിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതും
ഡിസംബർ 23 മുതൽ 31 വരെ മഹാകാളികാ യാഗം നടക്കുന്നതുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.



