21 October, 2026 09:23:11 AM


ഇന്ന് വിജയദശമി: അറിവിൻ്റെ ലോകത്തേക്ക് ചുവടുവെച്ച് കുരുന്നുകൾ



കൊച്ചി: നവരാത്രിയുടെ അവസാന ദിവസമായ ഇന്ന് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായി കുട്ടികളെ എഴുത്തിനിരുത്താൻ വൻ തിരക്കാണ് ഉള്ളത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, തൃശൂർ തിരുവുള്ളക്കാവ് , തിരൂർ തുഞ്ചൻപറമ്പ് എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ വലിയ തിരക്കാണ്. 

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണിയോടെ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും പരിസരത്തുമായാണ് ചടങ്ങുകള്‍ നടക്കുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഭക്തരാണ്, പ്രത്യേകിച്ച് മലയാളികള്‍, കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും കലാപരിപാടികളില്‍ അരങ്ങേറ്റം കുറിക്കാനുമായി കൊല്ലൂരിലെത്തിയത്. വൈകിട്ട് നടക്കുന്ന വിജയോത്സവത്തോടെ കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

അക്ഷര ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവെയ്ക്കുന്നത് നവരാത്രിയുടെ അവസാന ദിനമായ വിജയദശമിയിലാണ്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. അക്ഷര ലോകത്തേക്ക് മാത്രമല്ല, വാദ്യ, നൃത്ത, സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295