07 October, 2026 01:22:41 PM
'ശബരിമല ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണം; പോലീസിന് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സന്നിധാനത്തും പമ്പയിലും എത്തുന്ന ഭക്തരോട് സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറണമെന്ന് അദ്ദേഹം നിർദേശിച്ചു. റോഡപകടങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക ജാഗ്രത പുലർത്തണമെന്നും അപകടങ്ങളുണ്ടായാൽ വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ദർശനത്തിനെത്തുന്ന ഭക്തരെ ഒരു കാരണവശാലും വഴിയിൽ തടയാൻ പാടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വെർച്വൽ ക്യൂ വഴി അല്ലാതെ കൂടുതലായി എത്തുന്ന തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യം ഉറപ്പാക്കണമെന്നും പറഞ്ഞു. ദിവസവും 70,000 പേർക്ക് വെർച്വൽ ക്യൂ വഴി ബുക്കിംഗ് ലഭ്യമാക്കും. അഡ്വാൻസ് ബുക്കിംഗ് സംവിധാനത്തെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലും വിവിധ ഭാഷകളിലും വിപുലമായ പ്രചാരണം നൽകും.
ശബരിമലയിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിക്കും. പതിനെട്ടാംപടി ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് കോട്ടൺ ഗ്ലൗസുകൾ നിർബന്ധമാക്കും. ശബരിമലയിലെ സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ 40 ദിവസത്തിനകം പൂർത്തിയാക്കും. സന്നിധാനത്തെ മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ഭക്തർക്ക് ബുക്ക് ചെയ്യാം. നവംബർ 17-നാണ് ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നത്. മരാമത്ത് പണികൾ ഒക്ടോബർ 30-നകം പൂർത്തിയാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.


