16 June, 2026 01:54:08 PM
കെടാവിളക്ക് പൊട്ടിവീണു: ഏറ്റുമാനൂര്‍ മഹാദേവന്‍റെ ഭക്തര്‍ ആശങ്കയില്‍

ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുരയ്ക്ക് മുന്നില്‍ നൂറ്റാണ്ടുകളായി അണയാതെ കത്തിക്കൊണ്ടിരുന്ന 'കെടാവിളക്ക്' അഥവാ വലിയ വിളക്ക് പൊട്ടി താഴെ വീണു. വിശ്വാസങ്ങൾക്കപ്പുറം, ഈ പ്രദേശത്തിന്‍റെ സാംസ്കാരിക പൈതൃകത്തിൽ വലിയ സ്വാധീനമുള്ള കെടാവിളക്ക് എങ്ങിനെ പൊട്ടിവീണു എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മറുപടി തരാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് കഴിയുന്നില്ല. എണ്ണ സംഭരിക്കുന്ന പാത്രത്തില്‍ തടിയില്‍ സ്റ്റൂൾ പോലെ ഉണ്ടാക്കി അതില്‍ താങ്ങി നിര്‍ത്തിയിരിക്കുകയാണ് വിളക്ക് ഇപ്പോള്‍.
കഴിഞ്ഞ ദിവസം ബലിക്കല്‍പുരയ്ക്ക് മുന്നില്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്ന കവാടത്തിലെ വാതില്‍ അടര്‍ന്ന് വീണിരുന്നു. ഇതുമൂലമാണ് കെടാവിളക്കിന് കേടുപാടുകള്‍ സംഭവിച്ചതാണെന്നാണ് ചില ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ പരിപാലിക്കാത്തതും നിലവാരം കുറഞ്ഞ എണ്ണ തുടര്‍ച്ചയായി ഉപയോഗിച്ചതുമൂലമുള്ള പ്രശ്നങ്ങളുമാണ് വിളക്ക് പൊട്ടിവീഴാന്‍ കാരണമായതെന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു. വിളക്കിന്‍റെ ചങ്ങല എല്ലാം കരി പിടിച്ചു തുരുമ്പിച്ച അവസ്ഥയിലാണ്.
ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം ഉള്‍പ്പെടെ അറ്റകുറ്റപണികള്‍ നടത്തി നവീകരിക്കണമെന്ന ആവശ്യം ദേവസ്വം അധികാരികള്‍ ചെവികൊള്ളുന്നില്ലെന്നും ഉപദേശകസമിതിയംഗങ്ങള്‍ പറയുന്നു. ദേവസ്വം മന്ത്രിയെയും പ്രസിഡന്‍റിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ർ പറയുന്നു. രണ്ട് വ്യാഴകാലഘട്ടമായി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്നം നടത്തിയിട്ട്. ഇതിനോടകം ഒട്ടേറെ അനര്‍ഥങ്ങല്‍ സംഭവിച്ചിട്ടും അധികൃതര്‍ അതിന് മുതിരുന്നില്ല. എത്രയും വേഗം അഷ്ടമംഗല ദേവപ്രശ്നം നടത്തി ക്ഷേത്രത്തില്‍ പരിഹാരക്രീയകള്‍ നടത്തണമെന്ന് ക്ഷേത്രോപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവന്‍ ആവശ്യപ്പെട്ടു.

കെടാവിളക്കിൽ എണ്ണയൊഴിക്കുന്നത് എറ്റുമാനുരപ്പന് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് വിശ്വാസം. കാര്യസിദ്ധിക്കും പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിനും ഭക്തർ ഈ കെടാവിളക്കില്‍ പ്രാർത്ഥിച്ച് എണ്ണ പകരുന്നത് വിശ്വാസത്തിന്‍റെ ഭാഗമാണ്. കെടാവിളക്കിലെ കരിമഷിയെടുത്ത് കണ്ണെഴുതിയാൽ ഏതു നേത്രരോഗങ്ങളും മാറുമെന്നാണ് വിശ്വാസം. കെടാവിളക്ക് എണ്ണ പകർന്നാവണം ഒരോ ഭക്തനും അകത്ത് ഭഗവത് സന്നിധിയിലേക്ക് ചെല്ലേണ്ടത്.
ഏറ്റുമാനൂരപ്പന്‍റെ കെടാവിളക്ക് ഭഗവാൻ തന്നെ കൊളുത്തിയതാണെന്ന് വിശ്വാസം. നൂറ്റാണ്ടുകൾക്ക് മുമ്പ് 1540ൽ ആണ് ഈ വിളക്ക് സ്ഥാപിക്കപ്പെട്ടത് എന്ന് കരുതുന്നു. ഒരിക്കല്‍ ക്ഷേത്രത്തിലെത്തിയ ഒരു മൂശാരി കൊണ്ടുവന്നതാണ് ഈ വിളക്ക്. ഈ വിളക്ക് എടുത്തിട്ട് അതിനെന്തെങ്കിലും വിലയായി തരാൻ ക്ഷേത്ര ഭാരവാഹികളോട് മൂശാരി ആവശ്യപ്പെട്ടു. ഇത്രയും വലിയ വിളക്ക് ഇവിടെ ആവശ്യമില്ലെന്നു പറഞ്ഞത് കൂടാതെ ഇതെവിടെ തൂക്കുമെന്നും.ഇതിൽ ഒഴിക്കാൻ എണ്ണ വേണ്ടേയെന്നും വെള്ളം ഒഴിച്ചാൽ ഇത് കത്തില്ലാല്ലോയെന്നും പാവം മൂശാരിയെ അവർ കളിയാക്കിയത്രേ.
ഈ സമയം അകത്ത് തൊഴുതു കൊണ്ടിരുന്ന ഒരാൾ തുള്ളികൊണ്ട് വന്ന് മൂശാരിയുടെ കൈയ്യിൽ നിന്ന് വിളക്ക് വാങ്ങി ബലിക്കൽ പുരയിൽ തൂക്കിയത്രേ. ഈ സമയം പുറത്ത് അതിശക്തമായ ഇടിയും മിന്നലും ഉണ്ടായി. ക്ഷേത്ര ഭാരവാഹികൾ ഓടി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ഇടിമിന്നലിൽ നിന്നും പ്രകാശമേറ്റ് വിളക്ക് കത്തി.അതിന് ശേഷം ആ വിളക്ക് തൂക്കിയ ആളെ കണ്ടിട്ടില്ലത്രേ. പത്തു പേർ പിടിച്ചാലും പൊങ്ങാത്ത ആ കെടാവിളക്ക് കൊളുത്തിയത് സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയായിരുന്നുവെന്ന് വിശ്വാസം. അഞ്ചു തിരി വിളക്കാണ് കെടാവിളക്ക്. കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് വടക്കുകിഴക്ക് ദിക്കിലുമായാണ് തിരി കത്തി നില്ക്കുക.



