04 September, 2026 10:06:10 AM


ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകൾ



തിരുവനന്തപുരം: സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശമുണർത്തി സംസ്ഥാനമെങ്ങും ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്മാരും കുഞ്ഞു രാധമാരും ശോഭായാത്രകളിൽ അണിനിരക്കുന്നതോടെ നാടും നഗരവും ഭക്തിനിർഭരമായ അന്തരീക്ഷത്തിലാകും.

ദ്വാപര യുഗത്തിൽ ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയും രോഹിണി നക്ഷത്രവും ചേർന്നു വന്ന സുദിനത്തിലാണ് ശ്രീകൃഷ്ണ ഭഗവാന്റെ ജനനമെന്നാണ് വിശ്വാസം. കേരളത്തിൽ ഈ ദിനം ശ്രീകൃഷ്ണജയന്തിയായി ആഘോഷിക്കുമ്പോൾ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

സംസ്ഥാനത്തെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും പുലർച്ചെ മുതൽ ആരംഭിച്ചു. കുട്ടികളുടെ വർണ്ണശബളമായ ശോഭായാത്രകൾ, ഉറിയടി മത്സരങ്ങൾ, ഭജനകൾ, സത്സംഗങ്ങൾ എന്നിവയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. 

ഉണ്ണിക്കണ്ണന്റെ തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ അരിമാവുകൊണ്ട് കുട്ടിക്കാൽപ്പാടുകൾ വരച്ചും, വെണ്ണയും നിവേദ്യങ്ങളും ഒരുക്കിയും ഭക്തർ ശ്രീകൃഷ്ണ ജയന്തി വരവേൽക്കുന്നു. ജനത്തിരക്ക് കണക്കിലെടുത്ത് പ്രധാന ക്ഷേത്രങ്ങളിൽ കർശന സുരക്ഷയും വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

 ഭക്തർക്കായി മിക്ക ക്ഷേത്രങ്ങളിലും വിപുലമായ പിറന്നാൾ സദ്യയും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര സമിതികളുടെയും നേതൃത്വത്തിൽ നടക്കുന്ന വർണ്ണാഭമായ ശോഭായാത്രകൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290