11 October, 2026 08:02:11 PM
പവർ ബാങ്കിന് തീപിടിച്ചു; ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി

ഹൈദരാബാദ്: പറക്കുന്നതിനിടെ പവർ ബാങ്ക് സൂക്ഷിച്ചിരുന്ന ബാഗിന് തീപിടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട 6E 6115 വിമാനമാണ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലെ സീറ്റുകൾക്ക് മുകളിലുള്ള ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് വച്ചിരുന്ന ബാഗിനാണ് തീപിടിച്ചത്. ബാഗിനുള്ളിലുണ്ടായിരുന്ന പവർ ബാങ്കിൽനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് വിമാനത്തിലെ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തിനു പിന്നാലെയാണ് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലഗേജ് സൂക്ഷിക്കുന്ന ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ പകർത്തിയതായും ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പവർ ബാങ്കിലെ ലിഥിയം അയൺ ബാറ്ററിയിലുണ്ടായ തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
തീപിടിത്ത സാധ്യത കണക്കിലെടുത്ത് പവർ ബാങ്കുകൾ കൈകാര്യം ചെയ്യുന്നതിലും വിമാനയാത്രയ്ക്കിടെ സൂക്ഷിക്കുന്നതിലും സുരക്ഷാ നിയന്ത്രണങ്ങളുണ്ട്. പ്രത്യേകിച്ച് ചെക്ക്-ഇൻ ബാഗേജിൽ പവർ ബാങ്കുകൾ സൂക്ഷിക്കുന്നതിന് നിയന്ത്രണങ്ങൾ ബാധകമാണ്.


