15 September, 2026 01:47:21 PM


കുപ്രസിദ്ധ ഗുണ്ട ജംബുലിംഗം സുരേഷ് പിടിയിൽ



തിരുവനന്തപുരം: ബാലരാമപുരം പുന്നക്കാട്ടില്‍ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട ജംബുലിംഗം സുരേഷ് പിടിയില്‍. 40ഓളം കേസുകളില്‍ പ്രതിയായ ഇയാളെ ബാലരാമപുരം പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. മരക്കൊമ്പുകളില്‍ താല്‍ക്കാലികമായി വീടൊരുക്കിയായിരുന്നു സുരേഷ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വീടിന് സമീപത്തെ യുവതിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിന്റെ അന്വേഷണമാണ് ഇയാളിലേക്കെത്തിയത്. ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായാണ് അറസ്റ്റ്. 12 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷം സുരേഷ് വീണ്ടും ഗുണ്ടാ സംഘം രൂപീകരിച്ച് പിടിച്ചുപറി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. സമീപത്തെ പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തുകയും മാലയടക്കമുള്ളവ മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തതായും പരാതിയുണ്ട്.

ഇയാള്‍ പ്രദേശത്തെ പണി പൂര്‍ത്തിയാകാത്ത ഒരു വീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ട സുരേഷ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300