25 September, 2026 06:05:05 PM
മുട്ടിൽ മരം മുറി കേസ്; വനംവകുപ്പ് വീണ്ടും കുറ്റപത്രം സമർപ്പിച്ചു

സുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി പുതിയ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് കുറ്റപത്രം വൈകിയത് എന്നാണ് വിശദീകരണം. 17 ന് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല, ഗുരുതര സാങ്കേതിക പിഴവുകൾ എന്നിവയാണ് കുറ്റപത്രം മടക്കാൻ കാരണം.
മുട്ടിൽ മരംമുറിക്കേസിൽ നേരത്തെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത് ഗുരുതര പിഴവുകളായിരുന്നു. കഴിഞ്ഞ 17നാണ് വനംവകുപ്പ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മുട്ടിൽ മരംമുറിയിലെ 1/21 കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല. അഞ്ചുവർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
എന്തുകൊണ്ട് കുറ്റപത്രം വൈകി എന്നത് വ്യക്തമാക്കിയില്ല. വനത്തിൽ നിന്നാണോ പട്ടയഭൂമിയിൽ നിന്നാണോ മരം മുറിച്ചത് എന്നതിലും കുറ്റപത്രത്തിൽ വ്യക്തത ഇല്ലായിരുന്നു. കസ്റ്റഡിയിൽ എടുത്ത തടികൾ, വാഹനം എന്നിവ കണ്ടുകെട്ടുക പോലും ചെയ്യാതെയാണ് കുറ്റപത്രം സമർപ്പിച്ചത്. മാത്രവുമല്ല ഗുരുതരമായ സാങ്കേതിക പിഴവുകളും ഉണ്ടായിരുന്നു. ഇതോടെയാണ് കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ കോടതി മടക്കിയത്.


