28 September, 2026 11:28:27 AM
ഡിസ്ചാർജ് ചെയ്യാനിരിക്കെ രോഗി മരിച്ചു; കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ പരാതി

കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ഡിസ്ചാര്‍ജ് ചെയ്യാനിരുന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. ഞായറാഴ്ചയായിരുന്നു മട്ടാഞ്ചേരി സ്വദേശിയായ പി എസ് ഹലീൽ റഹ്മാന്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. രോഗി കുഴഞ്ഞുവീണത് അറിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഡോക്ടര്‍മാരോ നഴ്‌സോ വരാന്‍ കൂട്ടാക്കിയില്ല. ബന്ധുക്കള്‍ ചേര്‍ന്നാണ് ഹലീലിനെ ഐസിയുവില്‍ എത്തിച്ചത്. കൃത്യസമയത്ത് ഡോക്ടര്‍മാര്‍ എത്തിയിരുന്നെങ്കില്‍ ഹലീല്‍ മരിക്കില്ലായിരുന്നു. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം നടന്നത്. ആശുപത്രിക്കടക്കയില്‍ ഹലീൽ റഹ്മാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കുകയായിരുന്നു. ശുചിമുറിയില്‍ പോയി വന്നതിന് പിന്നാലെ ഹലീൽ റഹ്മാന്‍ കിടക്കയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കി.
ബന്ധുക്കളുടെ പരാതി ലഭിച്ചെന്നും മരണ കാരണം കണ്ടെത്താന്‍ പ്രത്യേക ടീമിനെ നിയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് പറഞ്ഞു. രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. രോഗിയുടെ ബന്ധുക്കളില്‍ നിന്ന് വിശദീകരണം തേടിയിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഹലീൽ റഹ്മാനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാര്‍ബറിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് ഇടതുകാലിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. കാലിന് രണ്ടിടങ്ങളില്‍ പൊട്ടലുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഹൃദയാഘാതമോ പൊട്ടിയ എല്ലില്‍ നിന്ന് മജ്ജ രക്തത്തില്‍ കലര്‍ന്ന് രക്തം കട്ടപിടിച്ചതോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


