20 September, 2026 07:01:22 PM


കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ന്യൂറോ സർജൻ വെന്തുമരിച്ചു



ഹൈദരാബാദ്: ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സർജൻ മരിച്ചു. ഖമ്മത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. കെ. ജഗദീഷ് ബാബുവാണ് മരിച്ചത്. സൂര്യപേട്ട് ജില്ലയിലെ പിള്ളലമർറിക്ക് സമീപം ദേശീയപാത 365BBയിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 

ഖമ്മത്തിൽ നിന്ന് കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു ജഗദീഷ് ബാബു. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാകാം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും കാർ ഡിവൈഡറിൽ ഇടിക്കാനും കാരണമായതെന്നാണ് ഖമ്മം റൂറൽ സിഐ ജി. രാജശേഖർ അറിയിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയും മിനിറ്റുകൾക്കകം വാഹനം പൂർണമായും കത്തിയമരുകയും ചെയ്തു.

കാറിനുള്ളിൽ കുടുങ്ങിയ ജഗദീഷിന് പുറത്തുകടക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും അന്വേഷണവും ആരംഭിച്ചു. ശരീരം പൂർണമായും കത്തിയതിനാൽ ആദ്യം മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ പൊലീസിന് ബുദ്ധിമുട്ടുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് ഡോ. ജഗദീഷ് ബാബുവാണെന്ന് സ്ഥിരീകരിച്ചത്. അപകടവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഡോക്ടർമാരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സൂര്യപേട്ട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K