07 October, 2026 09:27:02 AM


കളമശ്ശേരി കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന യുവതിയും യുവാവും പിടിയിൽ



കൊച്ചി: കളമശ്ശേരി കൂട്ട ബലാത്സംഗക്കേസില്‍ ഒളിവിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. അമ്മു എന്നറിയപ്പെടുന്ന ശരണ്യ, സഞ്ജു എന്നിവരാണ് പിടിയിലായത്. വയനാട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവരിലേക്കും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. തന്റെ ഭാര്യ നേരിട്ടത് ക്രൂരമായ പീഡനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അഭിമുഖം നടത്തുകയും പിന്നീട് വീണ്ടും വിളിച്ചുവരുത്തി ഐസ്‌ക്രീമില്‍ ലഹരി കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. നാല് പേരാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ശരണ്യ, സഞ്ജു എന്നിവര്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാവാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പാ ജീവനക്കാരിയായ ശരണ്യയും യുവതിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

യുവതിയെ ഭീഷണിപ്പെടുത്താനായാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പ്രതികള്‍ക്ക് സ്പായുടെ മറവില്‍ ലൈംഗിക കച്ചവടം നടത്തുന്നവരുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രതികളില്‍ ഒരാള്‍ക്ക് നാല് സ്പാ കേന്ദ്രങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. പ്രതികള്‍ മുന്‍പ് കേസുകളില്‍ പ്രതികളാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

അതേസമയം യുവതി ഇപ്പോഴും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിയില്‍ നിന്ന് പൊലീസ് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും. കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും യുവതിയുടെ മൊഴിയില്‍ നിന്നായിരിക്കും അറിയാനാകുക. നിലവില്‍ പൊലീസിന്റെ പ്രതിപട്ടികയിലുള്ള നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943