14 September, 2026 12:37:28 PM


'നിയമവിരുദ്ധം'; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എഐ ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ



തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇനി ഇന്ത്യയില്‍ കാണാനാകില്ല. വിഡിയോ പങ്കുവച്ച് എഐ കവല എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. കുറച്ചുസമയത്തിനകം തന്നെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വിഡിയോ കണ്ടത്. ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വീഡിയോ എന്നത് ചൂണ്ടിക്കാണിച്ചാണ് നടപടി. വിദേശരാജ്യങ്ങളിൽ നിന്ന് വീഡിയോ കാണാൻ കഴിയും.

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗും പവർകട്ടും രൂക്ഷമായതോടെ ഉയർന്ന വ്യാപക ജനരോഷത്തിന് പിന്നാലെയാണ് റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനി ഈ വിഡിയോ പുറത്തിറക്കിയത്. തൃശൂർ സ്വദേശിയായ അഭിജിത്തും ദുബായിലുള്ള സുഹൃത്ത് അഖിലും ചേർന്നാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ രസകരമായ ആക്ഷേപഹാസ്യ വിഡിയോ തയ്യാറാക്കിയത്.

വിഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വിഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ താൻ ഡാൻസ് കളിക്കുന്നു എന്നും വിഡിയോ കണ്ട് ഞെട്ടിപ്പോയി എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ വിഡിയോ എന്തുകൊണ്ട് നീക്കി എന്നതിനെ പറ്റി മെറ്റ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934