08 October, 2026 05:07:34 PM


കാട്ടാക്കടയിൽ മൂന്നു വയസുകാരി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല



തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനിലെന്ന് പരാതി. കാണാതായ യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മൂന്നുവയസുകാരി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ലെന്നാണ് പരാതി. പൂവച്ചൽ വീരണകാവ് നവജ്യോതിയിൽ ശങ്കർ (34), ഭാര്യ ആതിര (27), മകൾ ധോനി (3) എന്നിവരെയാണ് ബുധനാഴ്ച ഉച്ചമുതൽ കാണാതായത്. ആതിരയുടെ അമ്മ ഷൈലജ കാട്ടാക്കട പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളനാട് ക്ഷേത്രത്തിലെ സോപാനം കലാകാരനായ ശങ്കറും കുടുംബവും വീരണകാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നത്. ബാങ്ക് വായ്പ മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ശങ്കറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുടുംബം വീട്ടിലില്ലെന്ന് വ്യക്തമായത്. ശങ്കറിന്റെ മാതാവിനെയും ബാങ്ക് അധികൃതർ ബന്ധപ്പെട്ടിരുന്നു. തുടർന്ന് മാതാവ് വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ശങ്കറിനെയും ഭാര്യയെയും മകളെയും കണ്ടെത്താനായില്ല. ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937