11 September, 2026 12:24:14 PM
വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടത് പോലെ നിർത്താൻ സാധിക്കില്ല, നിയന്ത്രണം തുടരും- സണ്ണി ജോസഫ്

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. രാജ്യത്താകെ വൈദ്യുതി ക്ഷാമമുണ്ടെന്നും സ്വിച്ച് ഇട്ട് നിർത്തുന്നത് പോലെ പെട്ടെന്ന് തീർക്കാവുന്ന പ്രതിസന്ധിയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോഗത്തിൽ വലിയ വർധനവുണ്ടാവുകയും ഉൽപ്പാദനം കുത്തനെ കുറയുകയും ചെയ്തതാണ് തടസ്സങ്ങൾക്ക് കാരണം. ജനം നിലവിലെ ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിലധികം അധിക വൈദ്യുത ആവശ്യകതയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.
പുതിയ കെട്ടിടങ്ങളുടെ നിർമാണം, എസി, ഫാൻ തുടങ്ങിയവയുടെ വർധിച്ച ഉപയോഗം, രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ചാർജ് ചെയ്യുന്നത് എന്നിവ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ഉപഭോഗം വർധിച്ചതിനൊപ്പം ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും കൽക്കരി ക്ഷാമവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്.
അടിയന്തരമായി വൈദ്യുതി വാങ്ങുന്ന ഡേ-അഹെഡ് മാർക്കറ്റിലും റിയൽ-ടൈം മാർക്കറ്റിലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. അഖിലേന്ത്യാതലത്തിൽ വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ വിപണിയിൽ വൈദ്യുതി വിലയിലും വലിയ വർധനയുണ്ടായി. രാത്രികാലങ്ങളിൽ പരമാവധി 10 രൂപ വരെ നിരക്കിലാണ് ബോർഡിന് വൈദ്യുതി വാങ്ങാൻ സാധിക്കുന്നത്.


