16 September, 2026 03:07:04 PM


ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും വൈനും കണ്ടെത്തി



കല്‍പ്പറ്റ : മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡില്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടില്‍ നടത്തിയ വീട്ടിലാണ് 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടിയത്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി വീട്ടിലെത്തി പരിശോധന നടത്തി. കല്‍പ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തിയത്.

മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിന്റെ രേഖകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് അപ്രതീക്ഷിതമായി മുറിയില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള വിദേശമദ്യശേഖരം എസ്‌ഐടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.

നിയമപ്രകാരം ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന വിദേശമദ്യത്തിന് പരിധിയുണ്ട്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ഇതിലും പലമടങ്ങാണ് ആന്റോയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.

കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് പരിശോധിച്ച് വരികയാണ്. വന്‍തോതില്‍ വിദേശമദ്യം പിടികൂടി സംഭവത്തില്‍ അബ്കാരി നിയമപ്രകാരമുള്ള കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന. വിദേശമദ്യം എവിടെ നിന്നും കൊണ്ടുവന്നു, എന്തിന് ഇത്രയേറെ വീട്ടില്‍ സൂക്ഷിച്ചു തുടങ്ങിയ കാര്യങ്ങളില്‍ എക്‌സൈസ് അന്വേഷണം നടത്തി വരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305