16 September, 2026 12:34:15 PM
ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി കാലംപാറ തൂക്കുപാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയിലുണ്ടായ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീഴ്‌ശേരി സ്വദേശി ജെസ്‌ന (30) ആണ് മരിച്ചത്. അബ്ദുൽ ഖാദറാണ് ഭർത്താവ്.
സ്ഥലം കാണുന്നതിനായി എത്തിയ ഒമ്പതംഗ വിനോദയാത്ര സംഘത്തിനൊപ്പമായിരുന്നു ജെസ്‌ന. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. വൈകീട്ടോടെ ഉൾവനത്തിൽ മഴ ശക്തമായതിനെ തുടർന്ന് പുഴയിൽ പെട്ടെന്ന് ചെറിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു.
പുഴയിലെ പാറയിൽ ഇരിക്കുകയായിരുന്ന ജെസ്‌ന അപ്രതീക്ഷിതമായി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാസേനയും കോടഞ്ചേരി പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രാത്രി വൈകിയാണ് ജെസ്‌നയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.


