10 October, 2026 10:02:01 AM
വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തേക്കാം, എന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല- അഭിജീത് ദിപ്കെ

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധം ഇന്ന്. രാവിലെ പത്ത് മണിക്ക് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്‍ഹി പൊലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നിലവില്‍ ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 9ന് രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 10 ന് രാത്രി 10 മണി വരെയാണ് നിയന്ത്രണം. വിവിധ തലങ്ങളിലായുള്ള ബാരിക്കേഡുകള്‍, സിസിടിവി നിരീക്ഷണം, ഫേഷ്യല്‍ റക്ഗനഷന്‍ സിസ്റ്റം അടക്കം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഭിജീത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരഭ് ദാസ് തുടങ്ങിയ സിജെപി നേതാക്കള്‍ രാവിലെ മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തും. തന്നെ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്‌തേക്കാം, എന്നാല്‍ എന്തുവന്നാലും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അഭിജീത് ദീപ്‌കെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇടതു പാർട്ടികൾ സിജെപിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേതാക്കൾ നേരിട്ട് സമരപരിപാടിയിൽ പങ്കെടുത്തേക്കും.


