05 October, 2026 11:14:20 AM


മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരിയ സംഭവം; പ്രതി ഒളിവിലെന്ന് പോലീസ്



പറവൂർ: വൈദ്യുതി തടസ്സം മൂലം ജനങ്ങൾ ദുരിതത്തിലായതിനിടെ, മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരി പ്രദേശം ഇരുട്ടിലാക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിലെ പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. കെ.എസ്.ഇ.ബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, സി.സി.ടി.വി ദൃശ്യങ്ങളും പ്രദേശവാസിയായ സ്ത്രീയുടെ മൊഴിയും അടിസ്ഥാനമാക്കി കൈതാരം സ്വദേശിയായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൈതാരം നോർത്ത് ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരിയ പ്രതിയെ പിടികൂടാൻ പോലീസ് വീട്ടിലെത്തിയെങ്കിലും ഇയാൾ വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പെരുമ്പടന്ന എട്ടിയോടം, ഏഴിക്കര ചാക്കാത്തറ ഭാഗങ്ങളിലും സമാനമായ രീതിയിൽ രാത്രികാലങ്ങളിൽ ഫ്യൂസ് ഊരി വൈദ്യുതി മുടക്കുന്നത് നാട്ടുകാരെ വലച്ചിരുന്നു. അതേസമയം, സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകനാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ ആരോപിച്ചു. 

വൈദ്യുതി മുടക്കുന്നത് സി.പി.എം. ആണെന്ന പ്രചാരണം പൊളിഞ്ഞെന്നും, പ്രതി കോൺഗ്രസുകാരനാണെന്ന് വ്യക്തമായതോടെ ഇയാളെ രക്ഷിക്കാൻ നീക്കം നടക്കുകയാണെന്നും നിഥിൻ കുറ്റപ്പെടുത്തി. പ്രതിയെ തിരിച്ചറിഞ്ഞിട്ടും എഫ്.ഐ.ആറിൽ പേര് വിവരങ്ങൾ ഉൾപ്പെടുത്താത്തതും അറസ്റ്റ് വൈകിപ്പിക്കുന്നതും ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296