21 September, 2026 01:15:34 PM


തൃശൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും കവർന്നു



തൃശൂർ: കൂർക്കഞ്ചേരിയിൽ വീടുപൂട്ടി ആശുപത്രിയിൽ പോയ സമയം നോക്കി വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽ നിന്നാണ് 55 പവന്റെ സ്വർണ്ണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങൾക്കായി കുടുംബം ആശുപത്രിയിലായിരുന്ന സമയത്താണ് മോഷണം നടന്നത്.  തിങ്കളാഴ്ച രാവിലെ കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്.

ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നതെന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ മതിൽ ചാടിക്കടന്ന മോഷ്ടാവ് തുടർന്ന് വീട്ടിലെ സിസിടിവി ക്യാമറകൾ തകർക്കുകയായിരുന്നു. വീടിന്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന് അകത്തുകടന്ന അക്രമി മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.

ഹസൻ അലിയുടെ ഭാര്യ, മകൾ, മരുമകൾ എന്നിവരുടേതായിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിനുപുറമെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും മോഷ്ടാവ് കവർന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923