05 September, 2026 02:34:33 PM
കയ്പമംഗലം വാഹനാപകടം; അപകടകാരണം അമിത വേഗതയും അനധികൃത പാര്‍ക്കിങും- എന്‍എച്ച്എഐ

തൃശൂര്‍: ഏഴ് വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് പിഴവില്ലെന്ന പ്രസ്താവനയുമായി എന്‍എച്ച്എഐ. അമിത വേഗതയും അനധികൃത പാര്‍ക്കിങുമാണ് അപകടത്തിന് കാരണമായത്. നിര്‍മ്മാണം നടക്കുന്നിടത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തൃശൂര്‍ കയ്പമംഗലത്ത് അര്‍ദ്ധരാത്രി 12 മണിയോടെയാണ് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്നത്. എല്ലാവരും പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് ഡിണ്ടിഗല്‍ എന്‍ജിനിയറിങ് കോളജ് അധികൃതര്‍. പുലര്‍ച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും കോളജ് അധികൃതര്‍ വിശദീകരിച്ചു. അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും കോളജ് അധികൃതരും സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്പീഡ്ബ്രേക്കറുകള്‍ ഇല്ലാത്തതിനാല്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഹൈവേയിലേക്ക് സര്‍വീസ് റോഡില്‍ നിന്നു വേഗത്തില്‍ പ്രവേശിക്കുന്നതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്.


