03 September, 2026 02:31:33 PM
ഓട്ടോറിക്ഷയിൽ മീറ്റർ ഇടാൻ പറഞ്ഞ ഡോക്ടറെ മർദിച്ചു; 3 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ചാലക്കുടി: ചാലക്കുടിയിൽ ഓട്ടോറിക്ഷ മീറ്റർ ഇടാൻ ആവശ്യപ്പെട്ട ഡോക്ടറെ മർദ്ദിച്ച മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഓട്ടോ ഡ്രൈവർമാരായ രഘു,ബെന്നി,രാംദാസ് എന്നിവരുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്.
രഘുവിന്റെ ലൈസൻസ് 30 ദിവസത്തേക്കും ബെന്നി, രാമദാസ് എന്നിവരുടെ ലൈസൻസുകൾ 15 ദിവസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ മൂവരും നിർബന്ധമായും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 19-ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി ആവശ്യത്തിനായി ചാലക്കുടിയിലെത്തിയ ഡോ. ധനേഷ് കലാഭവൻ മണി സ്റ്റാൻഡിൽ നിന്ന് ഇലക്ട്രിക് ഓട്ടോയിൽ കയറുകയായിരുന്നു. യാത്രയുടെ തുടക്കത്തിൽ മീറ്റർ ഇടാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ല.
ധനേഷ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ മീറ്റർ ഇട്ടെങ്കിലും നിശ്ചിത നിരക്കിലും കൂടുതൽ തുക വേണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. ഇതിനിടെ ഓട്ടോ തിരികെ സ്റ്റാൻഡിലേക്ക് തന്നെ കൊണ്ടുപോവുകയും മറ്റ് തൊഴിലാളികളെ വിളിച്ചുകൂട്ടി ധനേഷിനെ മർദ്ദിക്കുകയുമായിരുന്നു.


