13 October, 2026 12:35:55 PM
സ്‌കൂള്‍ കായികമേളയില്‍ മത്സരവേദിയുടെ മേല്‍ക്കൂര തകര്‍ന്ന സംഭവം: കേസെടുത്ത് പോലീസ്

തൃശൂര്‍: തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് നടന്ന നീന്തല്‍ മത്സരവേദിയുടെ മേല്‍ക്കൂര തകര്‍ന്ന സംഭവത്തില്‍ കേസെടുത്ത് പോലീസ്. രണ്ടാഴ്ചയ്ക്കുശേഷമാണ് കേസെടുത്തത്. ആരെയും പ്രതി ചേര്‍ക്കാതെയാണ് ഇപ്പോഴത്തെ കേസ്. പന്തല്‍ തകര്‍ന്നത് ഗുരുതര വീഴ്ചയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സിലെ താല്‍ക്കാലിക മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു വീണ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. മത്സര നടത്തിപ്പില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മതിയായ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചതെന്ന് ഇന്റലിജന്‍സ് എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂള്‍ കായികമേള സംഘാടനത്തിലെ വീഴ്ചകള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. മഴയിലും ശക്തമായ കാറ്റിലും മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പറന്നുവീണ് റിലേ മത്സരങ്ങളില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. ചില കുട്ടികളുടെ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ അപകടസമയത്ത് സംഘാടകര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കളടക്കം ഉന്നയിച്ചിരുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.


