12 October, 2026 01:51:09 PM


ചാവക്കാട് 4 ദിവസം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം



തൃശൂർ: ചാവക്കാട് എടക്കഴിയൂരിൽ നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് എടക്കഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് 2026 ജനുവരിയിലാണ് മരണപ്പെട്ടത്. അന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കാതെയാണ് മൃതദേഹം സംസ്കരിച്ചിരുന്നത്.

ചാവക്കാട് സബ് ഇൻസ്പെക്ടറുടെ അപേക്ഷ പരിഗണിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്. സംഭവത്തിൽ ഭർത്താവ് ഇബ്രാഹിമിന് പുറമെ, അനധികൃത അക്യുപംക്ചർ കേന്ദ്രം നടത്തിയിരുന്നവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925