25 October, 2026 12:20:09 PM


തൃശ്ശൂരിൽ 14-കാരിയെ രാസലഹരി നൽകി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ



തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി ലൈംഗികപീഡനത്തിന് ഇരയാക്കുകയും കുഴൽപണ തട്ടിപ്പുകൾക്ക് മറയാക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെ പോക്‌സോ കേസിലും, അമലിന്റെ സഹോദരൻ അതുൽ കൃഷ്ണയെ (25) കുഴൽപണ കേസിലുമാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

14 വയസ്സുണ്ടായിരുന്ന പെൺകുട്ടിയുമായി പ്രണയം നടിച്ച് സൗഹൃദത്തിലായ അമലും സുഹൃത്തും 2023 മുതൽ കുട്ടിയെ രാസലഹരിക്ക് അടിമയാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും വീടുകളിലെ സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പെൺകുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ലഹരിമരുന്ന് നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെത്തിച്ച് കുഴൽപണം തട്ടിയെടുക്കാൻ മറയാക്കിയതിനാണ് അതുൽ കൃഷ്ണ അറസ്റ്റിലായത്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പെൺകുട്ടിയെ കൽപ്പറ്റയിലെത്തിച്ച് കുഴൽപണം തട്ടാൻ ഉപയോഗിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ അമൽ കൃഷ്ണയെയും അതുൽ കൃഷ്ണയെയും റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295