19 September, 2026 07:05:27 PM
ചേറ്റുപുഴയിൽ സ്വകാര്യ ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

തൃശ്ശൂർ: ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. പുല്ലഴി റോസ് ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിൽ മാങ്കുഴി പരേതനായ സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മനക്കൊടിയിലെ അമ്മവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അനിത അപകടത്തിൽപ്പെട്ടത്. ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിന് മുന്നിലായിരുന്നു അപകടം.
തൃശ്ശൂർ–കാഞ്ഞാണി–പാലാഴി റൂട്ടിൽ സർവീസ് നടത്തുന്ന 'ശ്രേയസ്' സ്വകാര്യ ബസ് അനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അനിത സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


