30 October, 2026 01:57:04 PM
തേക്കിൻകാട് മൈതാനിയിൽ കിണറ്റിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: തേക്കിൻകാട് മൈതാനിയിലുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ് യുവാവ് മരിച്ചു. തൃശൂർ മൈലപ്പാടം സ്വദേശിയായ ബാബു (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തൃശൂർ ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
തേക്കിൻകാട് മൈതാനിയിലെ കിണറിന്റെ കൈവരിയിൽ കിടക്കുകയായിരുന്ന ബാബു അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ബാബു താഴേക്ക് പതിക്കുന്നത് കണ്ട് പരിസരത്തുണ്ടായിരുന്ന ഒരു യുവാവ് ഓടിയെത്തി കാലിൽ കയറി പിടിക്കാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് ഇയാൾ കിണറ്റിലേക്ക് തലകുത്തി വീഴുകയായിരുന്നു. ബാബു സ്ഥിരമായി മദ്യപിച്ച് ഇവിടെ കിടക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാളും മാതാവും പതിവായി തേക്കിൻകാട് മൈതാനിയിൽ പശുവിനെ മേയ്ക്കാൻ എത്താറുണ്ട്.
നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ കിണർ നിലവിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. കിണറ്റിൽ നിറയെ ചപ്പുചവറുകൾ നിറഞ്ഞ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. തൃശൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും സ്കൂബ ടീമും മണിക്കൂറുകളോളം നടത്തിയ കഠിന തെരച്ചിലിനൊടുവിലാണ് ചപ്പുചവറുകൾക്കിടയിൽനിന്ന് ബാബുവിന്റെ മൃതദേഹം കരയ്ക്കെടുക്കാൻ സാധിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


