06 September, 2026 09:55:20 AM


തൃശൂരിൽ നിർത്തിയിട്ട ബൈക്കിൽ കാർ ഇടിച്ചുകയറി അച്ഛനും അമ്മയും കുഞ്ഞും മരിച്ചു



തൃശൂര്‍: കുന്നംകുളത്ത് നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി സ്വദേശി മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ - കുന്നംകുളം പാതയിൽ ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. 

വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം, ഫോൺ വന്നതിനെ തുടർന്ന് ബൈക്ക് റോഡരികിൽ നിർത്തി സംസാരിക്കുന്നതിനിടെ അതേ ദിശയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ 50 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ബൈക്ക് സമീപത്തെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലേക്ക് തെറിച്ചുവീഴുകയും വൈദ്യുതി ലൈൻ പൊട്ടിവീഴുകയും ചെയ്തത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കുന്നംകുളം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931