13 May, 2025 12:42:16 PM
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ:ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഇ തൊയ്ബ ഭീകരനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ സ്ഥിരീകരണം. വനമേഖലയിൽ മൂന്ന് ഭീകരർ ഉണ്ടെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരനാണോ കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ 3 ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരണം.
ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിരുന്നു. ഷോപ്പിയാൻ വനമേഖലയിൽ നേരെത്തെ തന്നെ ഭീകര സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾ സുരാക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പട്രോളിങ്ങും സജീവമായി നടത്തുന്നതിനിടെയാണ് ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിക്കുന്നത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ കൂടുതൽ ഉദ്യോഗസ്ഥരെയും മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയാണ്. അതിനിടെയാണ് ഈ സംഭവം. താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്നു. അതിര്‍ത്തി മേഖലയിലടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.