09 November, 2026 09:27:04 AM
ദീപാവലിക്ക് ₹2,000 സമ്മാനമെന്ന സന്ദേശം; WhatsApp വഴി തട്ടിപ്പ് ലിങ്ക് പ്രചരിക്കുന്നു
*ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്*

-പി. എം. മുകുന്ദൻ
തൃശൂർ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ₹2,000 സൗജന്യമായി ലഭിച്ചുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിലും WhatsApp ഗ്രൂപ്പുകളിലും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. സന്ദേശത്തോടൊപ്പം നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമ്മാനം സ്വന്തമാക്കാനാണ് നിർദേശം.
eltfs.buzz എന്ന സംശയാസ്പദമായ വെബ്സൈറ്റ് വിലാസം ഉൾപ്പെടുത്തിയുള്ള സന്ദേശത്തിൽ, ആദ്യം ഇത് വ്യാജമാണെന്ന് കരുതിയെങ്കിലും തനിക്ക് യഥാർഥത്തിൽ ₹2,000 ലഭിച്ചുവെന്നും മറ്റുള്ളവരും പരീക്ഷിച്ചുനോക്കണമെന്നുമാണ് അവകാശപ്പെടുന്നത്.
എന്നാൽ ഈ സാമ്പത്തിക ആനുകൂല്യത്തിന് പിന്നിൽ വിശ്വസനീയമായ ഔദ്യോഗിക അറിയിപ്പോ സ്ഥിരീകരണമോ ലഭ്യമല്ല. ഇത്തരം സന്ദേശങ്ങൾ വഴി വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP, UPI PIN എന്നിവ കൈക്കലാക്കാനും സാമ്പത്തിക തട്ടിപ്പ് നടത്താനും സാധ്യതയുണ്ട്.
8000 രൂപ പ്രധാന മന്ത്രിയുടെ സമ്മാനമായി എല്ലാവർക്കും ലഭിക്കുമെന്ന സമാനമായ സന്ദേശവും കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. സമ്മാനം ലഭിക്കാനായി ലിങ്കിൽ രജിസ്റ്റർ ചെയ്യുക, സന്ദേശം മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുക, വ്യക്തിഗത വിവരങ്ങൾ നൽകുക തുടങ്ങിയ നിർദേശങ്ങൾ തട്ടിപ്പിന്റെ ഭാഗമാണ്.
അപരിചിതമായ വെബ്സൈറ്റുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും ഔദ്യോഗിക സ്രോതസ്സുകളിലൂടെ മാത്രം ഇത്തരം ഓഫറുകൾ സ്ഥിരീകരിക്കാനും സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടണം.



