03 November, 2026 06:15:51 PM
ചേരാനല്ലൂർ അപകടം: പ്രതിയായ 17കാരന്റെ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

കൊച്ചി: ചേരാനല്ലൂരിൽ തട്ടുകടക്കാരനെ കൊലപ്പെടുത്തിയ ബെൻസ് കാർ ഓടിച്ച 17 കാരന്റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്.സോഷ്യൽ മീഡിയയിലെ 17 യൂസർ ഐഡികൾക്ക് എതിരെയാണ് കേസ്. കോടതി നിർദേശത്തെ തുടർന്നാണ് എറണാകുളം സൈബർ പോലീസ് കേസെടുത്തത്.
ജയബാലകൃഷ്ണൻ എന്ന തട്ടുകടക്കാരന്റെ മരണത്തിനിടയാക്കിയ ബെൻസ് കാർ ഓടിച്ച കുട്ടിയെ പ്രതി എന്ന് പോലും വിളിക്കരുത് എന്ന് കോടതി പറഞ്ഞിരുന്നു. ഈ കേസിൽ വാഹന ഉടമയായ ജഡ്ജിയുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്, മുൻകൂർ ജാമ്യം നൽകരുത് എന്നും പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ പോലീസ് പറയുന്നുണ്ട്.
ജഡ്ജി കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേക്ക് മാറ്റി. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയുന്നത് കോടതി വിലക്കിയിരുന്നു. ജഡ്ജി സംഭവ സ്ഥലത്ത് എത്തി തെളിവ് നശിപ്പിച്ചു എന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ മൊഴി എടുക്കും.



