11 November, 2026 07:03:54 PM


ജമ്മുകശ്മീരിൽ ഭീകരാക്രമണം; മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്



കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുള്ള മിർ ബാസാറിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരർ സിആർപിഎഫിൻ്റെ 46ാം ബറ്റാലിയനിലേക്കാണ് വെടിയുതിർത്തത്. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റു. അക്രാൻ എന്ന സ്ഥലത്തിന് സമീപത്തുള്ള മിർ ബാസാറിൽ ഇന്ന് ഉച്ചയ്ക്ക് 2.15ഓടെയാണ് ഭീകരാക്രമണം ഉണ്ടായത്. സിആര്‍പിഎഫ് ബൂത്തിനു നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജിതമാക്കിയിട്ടുണ്ട്. രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിംഗ് എന്നീ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റതെന്ന് സിആർപിഎഫ് അറിയിച്ചു. വെടിവയ്പ്പിൽ ദാസിന്റെ ഇടതുകാലിനും, ചന്ദ്രുവിന്റെ വയറിനും നട്ടെല്ലിനും, സിംഗിന്റെ ഇടതുകൈയ്ക്കും പരിക്കേറ്റു. മൂവരും ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.  





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290