26 October, 2026 01:25:17 PM


കൊല്ലത്ത് കള്ളനോട്ട് കേസിലെ പ്രതിയുടെ ലോക്കറില്‍ 22 കിലോ തിമിംഗല ഛര്‍ദ്ദി



കൊല്ലം: കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികളുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്ലം സ്വദേശി സിബിയോണിന്റെ ഉടമസ്ഥതയിലുള്ള ലോക്കറിൽനിന്ന് തിമിംഗില ഛർദി പിടികൂടി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോണിന്റെ ഹാർബറിലെ സാധനങ്ങൾ സൂക്ഷിക്കുന്ന ലോക്കറിൽനിന്ന് നാല് പാക്കറ്റുകളിലായി 22.460 കിലോഗ്രാം തിമിംഗില ഛർദിയാണ് പള്ളിത്തോട്ടം പൊലീസ് കണ്ടെത്തിയത്. വിപണിയിൽ ഇതിന് 25 കോടി രൂപ വിലവരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി ഒൻപതരയോടെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം എസ്എച്ച്ഒ ജി. പ്രതിഭയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് തിമിംഗില ഛർദി കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സിബിയോണിന് മൂന്ന് മീൻപിടിത്ത വള്ളങ്ങളുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരായതിനാൽ ജില്ലയിലെ മത്സ്യത്തൊഴിലാളികളുമായി ഇയാൾക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. സിബിയോണിന്റെ ഇടപാടുകളിൽ ഭൂരിഭാഗവും ഉൾക്കടൽ കേന്ദ്രീകരിച്ചായിരുന്നു.

ഉൾക്കടലിൽ തിമിംഗില ഛർദി കണ്ടെത്തിയാൽ സാധാരണയായി മത്സ്യത്തൊഴിലാളികൾ വിവരം പൊലീസിനെ അറിയിക്കുകയാണ് പതിവ്. എന്നാൽ, സിബിയോൺ ഇത് സൂക്ഷിച്ചുവച്ചതായാണ് കണ്ടെത്തൽ. തിമിംഗില ഛർദി എവിടെനിന്ന് ലഭിച്ചെന്നും ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918