22 October, 2026 09:48:12 AM
തെങ്ങ് വൈദ്യുതി ലൈനിൽ ഒടിഞ്ഞ് വീണ് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

ചിറയിൻകീഴ്: കഠിനംകുളത്ത് ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിൽ വീണതിനെ തുടർന്നുണ്ടായ ഷോക്കേറ്റ് പശുഫാമിലെ തൊഴിലാളി ദാരുണമായി മരിച്ചു. തമിഴ്നാട് രാധാപുരം പന്നിയാർക്കുളം സ്വദേശി മന്ത്രമൂർത്തി (43) ആണ് മരിച്ചത്. അപകടത്തിൽ ഷോക്കേറ്റ രണ്ട് പശുക്കളിൽ ഒന്ന് ചത്തൊടുങ്ങി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കാക്കത്തോപ്പിലെ പശുഫാമിൽ പശുക്കളെ വളപ്പിൽ കെട്ടി തീറ്റ കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തെങ്ങ് ആദ്യം വൈദ്യുതലൈനിൽ പതിച്ച ശേഷം പശുക്കളുടെ മേൽ വീഴുകയായിരുന്നു. ഇത് കണ്ട് പശുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മന്ത്രമൂർത്തിക്ക് ഗുരുതരമായി ഷോക്കേറ്റത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കണിയാപുരം കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. ഉടൻ തന്നെ മന്ത്രമൂർത്തിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



