19 October, 2026 10:00:46 AM


ഒഡീഷയിൽ രണ്ട് തലകളുമായി ജനിച്ച കുഞ്ഞ് ഒരാഴ്ചയ്ക്കുശേഷം മരിച്ചു



ഭുവനേശ്വര്‍: ഒഡീഷയിലെ ബെർഹാംപൂരിലുള്ള എം.കെ.സി.ജി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് തലകളും ഒരു ശരീരവുമുള്ള അപൂർവ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച് ഒരാഴ്ചയ്ക്കുശേഷം മരിച്ചു. ഒക്ടോബർ 11ന് സിസേറിയനിലൂടെയാണ് കന്ധമാൽ ജില്ലയിലെ വിദൂര ഗ്രാമത്തിൽ താമസിക്കുന്ന 22കാരിയായ യുവതി ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ഇത്തരമൊരു ജനനം ആദ്യമായാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

'ഡൈസെഫാലിക് പാരാപാഗസ്' എന്ന അപൂർവ അവസ്ഥയോടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. രണ്ട് തലകളും രണ്ട് കഴുത്തുകളും ഉണ്ടായിരുന്ന കുഞ്ഞിന് ഒരു ശരീരവും രണ്ട് നട്ടെല്ലുകളും ഒരു ജോടി കൈകളും കാലുകളുമാണുണ്ടായിരുന്നത്. ഹൃദയവും കരളും ഓരോന്നേ ഉണ്ടായിരുന്നുള്ളൂ. ജനനസമയത്ത് 2.25 കിലോഗ്രാമായിരുന്നു കുഞ്ഞിന്റെ ഭാരം. ജനനം മുതൽ ആരോഗ്യനില ഗുരുതരമായിരുന്നതിനാൽ കുഞ്ഞുങ്ങളെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ശ്വാസതടസ്സവും സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളും കാരണം ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം സാധ്യമായില്ലെന്ന് ആശുപത്രിയിലെ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി മനസ് രഞ്ജൻ ദാഷ് പറഞ്ഞു. ചികിത്സയ്ക്കിടെ ശനിയാഴ്ചയാണ് കുഞ്ഞുങ്ങൾ മരിച്ചത്. ആദ്യ പ്രസവമായിരുന്ന യുവതിയും ഭർത്താവും കുഞ്ഞുങ്ങളുടെ ജനനത്തിൽ ഞെട്ടിയെന്നും മരണശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം വിസമ്മതിച്ചെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗഞ്ചാം ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനും ഉദ്യോഗസ്ഥരുടെ അനുനയത്തിനും പിന്നാലെ ശനിയാഴ്ച വൈകിട്ടോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

രണ്ട് തലകൾ ഒരു ശരീരവുമായി പങ്കിടുന്ന അവസ്ഥയാണ് ഡൈസെഫാലിക് പാരാപാഗസ്. ഏകദേശം മൂന്ന് ലക്ഷം ജനനങ്ങളിൽ ഒന്നിൽ മാത്രം കാണപ്പെടുന്ന ഈ അവസ്ഥയിൽ അതിജീവനസാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946