10 November, 2026 10:52:54 AM
കുട്ടികൾ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താൽ കർശന നടപടി- രമേശ് ചെന്നിത്തല

കോഴിക്കോട്: കുട്ടികൾ നിയമത്തിന്റെ പഴുതുകൾ മറയാക്കി മനഃപൂർവ്വം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം നടപടികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ ബലത്തിൽ ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാമെന്ന നിലപാട് ശരിയല്ലെന്നും വിഷയത്തിൽ നിയമവിദഗ്ധരുമായി ഉടൻ ആലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിക്കുറ്റവാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടി ഡ്രൈവർമാർ വാഹനാപകടങ്ങൾ ഉണ്ടാക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത പോലീസ് നടപടിയുണ്ടാകും.
ലഹരിമരുന്ന് ഉപയോഗത്തിനെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതിൽ രോഗികളുടെ പുനരധിവാസത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി ഈ മാസം 15-ന് 35 ആശുപത്രികളിലെ പ്രതിനിധികളുടെ യോഗവും 16-ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. നിലവിൽ 40 ലക്ഷത്തോളം തൂഫാൻ വാറിയേഴ്സ് ഉള്ള പദ്ധതി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.



