19 October, 2026 08:30:23 PM
ഓണാഘോഷത്തിനിടെ ഡസ്ക് വീണ് വിദ്യാർഥിക്ക് പരിക്ക്; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

കണ്ണൂർ: സ്കൂളിലെ ഓണാഘോഷത്തിനിടെ ഡസ്ക് വീണ് മൂന്നാം ക്ലാസ് വിദ്യാർഥിനിയുടെ വലതുകൈയിലെ മൂന്ന് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പൽ ഗീതാഞ്ജലി, അധ്യാപിക ഷീല എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓഗസ്റ്റ് 21ന് രാവിലെ പത്തുമണിയോടെയാണ് സ്കൂളിൽ ഓണാഘോഷത്തിനിടെ അപകടമുണ്ടായത്. ഭാരമേറിയ ഡസ്ക് കൈപ്പത്തിയിലേക്ക് വീണ് വലതുകൈയിലെ മൂന്ന് വിരലുകളുടെ എല്ലുകൾ പൊട്ടുകയായിരുന്നു. പരിക്കേറ്റ കുട്ടിക്ക് സ്കൂൾ അധികൃതർ അടിയന്തര വൈദ്യസഹായം നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാവിലെ 10.45ഓടെ കുട്ടിക്ക് സുഖമില്ലെന്ന് അറിയിച്ച് മാതാവിനെ ആശുപത്രിയിലെത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ രണ്ട് ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. കുട്ടി ഇപ്പോഴും വിശ്രമത്തിലാണ്.
സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ മാതാപിതാക്കൾ നേരത്തേ ചൈൽഡ് ലൈനിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു. കമ്മീഷന്റെ നിർദേശപ്രകാരം പൊലീസിനെ സമീപിച്ചെങ്കിലും തുടക്കത്തിൽ കേസെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതോടെയാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ആശുപത്രിയിലെ രണ്ട് ബില്ലുകൾ അടയ്ക്കാൻ സ്കൂൾ അധികൃതർ തയ്യാറായിരുന്നുവെന്നും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും മാതാവ് ആരോപിച്ചു. അപകടത്തിന് പിന്നാലെ അധ്യാപിക കുട്ടിയെ അടിച്ചെന്നും പ്രിൻസിപ്പൽ തന്നെ അപമാനിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.



