23 October, 2026 08:14:00 PM
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. അപകടത്തിൽ നിന്ന് 15 ഓളം തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം റോഡിലേക്ക് ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വ്യാപകമായി മഴ പെയ്തിരുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് വ്യാപകമായി മണ്ണെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെ പലതവണ കൂറ്റൻ പാറകളടക്കം റോഡിലേക്ക് പതിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.



