08 November, 2026 11:14:24 AM
ദീപാവലിക്ക് ₹8,000 ക്യാഷ് ആനുകൂല്യമെന്ന പ്രചാരണം വ്യാജം; ജാഗ്രതാ നിർദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല; തട്ടിപ്പിന് ഇരയാകരുതെന്ന് മുന്നറിയിപ്പ്

-പി.എം.മുകുന്ദൻ
തൃശൂർ: ഈ വർഷത്തെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് എല്ലാ ഇന്ത്യൻ പൗരന്മാർക്കും ₹8,000 ക്യാഷ് ആനുകൂല്യം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും വാട്സ്ആപ്പിലും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
സർക്കാരിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആനുകൂല്യം സ്വന്തമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനകം തുക കൈപ്പറ്റിയെന്ന അവകാശവാദത്തോടെയുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സാമ്പത്തിക ആനുകൂല്യം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചാരണത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും PIB Fact Check വ്യക്തമാക്കിയിട്ടുണ്ട്.
സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന 'mhono.buzz' എന്ന വെബ്സൈറ്റ് ലിങ്ക് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റല്ല. ഇത്തരം ലിങ്കുകൾ വഴി വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ തുടങ്ങിയവ ചോർത്താൻ സൈബർ തട്ടിപ്പുകാർ ശ്രമിച്ചേക്കാമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
സർക്കാർ പദ്ധതികളുടെയും സാമ്പത്തിക ആനുകൂല്യങ്ങളുടെയും വിവരങ്ങൾ ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളിലൂടെ മാത്രം സ്ഥിരീകരിക്കണം. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്.
ഇത്തരത്തിലുള്ള സന്ദേശങ്ങളിലൂടെ പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറിൽ അറിയിക്കണമെന്നും cybercrime.gov.in വഴി പരാതി നൽകണമെന്നും നിർദേശമുണ്ട്.
സർക്കാർ പദ്ധതികളുടെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.



