08 January, 2025 03:25:49 AM


തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാര്‍വതി ദേവിയുടെ നട 12ന് തുറക്കും




കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2023 ജനുവരി 12 മുതല്‍ 23 വരെ ആഘോഷിക്കും. ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടെയും അകമ്പടിയോടെ ഘോഷയാത്ര ജനുവരി 12ന് വൈകിട്ട് 4.30ന് ആരംഭിക്കുന്നതോടെ നടതുറപ്പ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും. ഘോഷയാത്ര 7.15ന് ക്ഷേത്രത്തില്‍ പ്രവേശിച്ചശേഷം തിരുവാഭരണങ്ങള്‍ മഹാദേവനും പാര്‍വതിക്കും ചാര്‍ത്തും. രാത്രി 8 ന് പ്രത്യേക ആചാരങ്ങളോടെ പാര്‍വതിയുടെ നട തുറക്കും. 


തുടര്‍ന്ന് ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10ന് നടയ്ക്കല്‍ തിരുവാതിര കളിയും കുസുമധാരണ ചടങ്ങുകളും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനത്തിനായി ക്ഷേത്ര നട തുറന്നിരിക്കും. 13 മുതല്‍ 22 വരെ തീയതികളില്‍ രാവിലെ 4 മുതല്‍ 1.30 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശനസമയം. നട അടയ്ക്കുന്ന 23ന് രാവിലെ 4 മുതല്‍ 1.30 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി 7 വരെയുമാണ് ദര്‍ശനസമയം. 


ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനായി പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. ദേവിക്ക് ഉടയാട ചാര്‍ത്തല്‍, ഒരു ദിവസത്തെ പൂജ, പുഷ്പാലങ്കാരം, സമ്പൂര്‍ണ നെയ് വിളക്ക്, നിറമാല എന്നീ വഴിപാടുകള്‍ നടതുറപ്പുവേളയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് നടത്താവുന്നതാണ്. മറ്റ് പ്രധാന വഴിപാടുകളായ പട്ടും താലിയും, താലിക്കൂട്ടം, തൊട്ടില്‍, കലവറ നിറയ്ക്കല്‍ തുടങ്ങിയവയ്ക്കും സൌകര്യമൊരുക്കിയിട്ടുണ്ട്. പുഷ്പാഞ്ജലികള്‍, ധാര തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിന് ക്യൂവില്‍ തന്നെ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.


സാധാരണ ക്യൂ കൂടാതെ മുന്‍കൂട്ടി ദര്‍ശന ദിവസവും സമയവും ബുക്ക് ചെയ്ത് തിരക്കൊഴിവാക്കി ദര്‍ശനം നടത്തുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനവും തയാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ വെബ് സൈറ്റായ www.thiruvairanikkulamtemple.org സന്ദര്‍ശിച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. ദര്‍ശനത്തിനുശേഷം പ്രധാന വഴിപാടുകളായ മഞ്ഞള്‍പ്പറ, എള്ള് പറ തുടങ്ങിയവ നിറയ്ക്കുന്നതിനും സൗകര്യമുണ്ടാകും. ദേവീപ്രസാദമായ അരവണപായസം, അപ്പം, അവല്‍ നിവേദ്യങ്ങള്‍ക്കായി ക്ഷേത്രത്തില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. നിവേദ്യങ്ങളെല്ലാം അടങ്ങിയ  പ്രസാദകിറ്റും ലഭ്യമാണ്.


കെ.എസ്.ആര്‍.ടി.സി. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നതാണ്. കൂടാതെ തീര്‍ത്ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളുമുണ്ടാകും. ഭക്തജനങ്ങളുടെ സുരക്ഷക്കായി പോലീസ് സേനാംഗങ്ങളും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങളും ലഹരി മരുന്നിന്റെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും ശുദ്ധജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിയും തടസമില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കാന്‍ കെ.എസ്.ഇ.ബിയും രംഗത്തുണ്ട്.


കര്‍ശനമായ ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുനടത്തുന്ന നടതുറപ്പ് ഉത്സവത്തിനെത്തുന്ന ഭക്തര്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയാതെ വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിച്ച് ക്ഷേത്രപരിസരം ശുചിയാക്കി സൂക്ഷിക്കുന്നതിന് ഭക്തജനങ്ങളുടെ പരിപൂര്‍ണ്ണ  സഹകരണം ആവശ്യമാണ്. ഭക്തജനങ്ങളെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി ക്ഷേത്രത്തിന്‍റെ സ്വന്തം ഗ്രൗണ്ടുകള്‍ തയാറാക്കിയിട്ടുണ്ട്.  തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ്  പ്രസിഡന്‍റ് പി.യു. രാധാകൃഷ്ണന്‍, സെക്രട്ടറി എ.എന്‍. മോഹനന്‍ തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K