28 August, 2025 01:57:33 PM
ഗണേശോത്സവത്തിൽ എട്ട് അവതാരങ്ങൾ; സമാപനം സെപ്റ്റംബർ ഒന്നിന്

തിരുവനന്തപുരം : 35 വർഷങ്ങൾക്ക് മുൻപ് എം എസ് ഭുവനചന്ദ്രന്റെ കാർമികത്വത്തിൽ ഗണേശോത്സവ ട്രസ്റ്റ് രൂപീകരിച്ച് ആരംഭിച്ച ഗണേശോത്സവം ഇന്നും മുടങ്ങാതെ ആഘോഷിക്കുന്നു. പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും ചരിത്രത്തിലൂടെയും കടന്നുവന്ന ഗണേശോത്സവം ആദ്യമായി ആഘോഷിച്ചപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. അതുവരെ വിനായക ചതുർത്ഥിയാണ് ആഘോഷിച്ചിരുന്നത്.
എന്നാൽ ഇന്ന് പല സംഘടനകളും ഗണേശോത്സവം ഏറ്റെടുത്തു നടത്തുന്നുണ്ടെങ്കിലും ഗണേശോത്സവത്തിന്റെ പവിത്രതയും ചരിത്രവും അറിയാതെയാണ്. ഈ ആഘോഷങ്ങളിൽ എം എസ് ഭുവനചന്ദ്രൻ ഖിന്നനാണ്. വിനായക ചതുർത്ഥി ഒരു ദിവസവും ഗണേശോത്സവം ഒൻപത് ദിവസവുമാണ് ആഘോഷിക്കേണ്ടത്.

വിനാശകാരികളായ എട്ട് അസുരന്മാരെ വധിക്കാനായി ഗണപതി എടുത്ത എട്ട് അവതാരങ്ങളെ സംതൃപ്തമാക്കാനാണ് ഒൻപത് ദിവസം ആഘോഷിക്കുന്നത്. ഗണപതിയുടെ എട്ട് അവതാരങ്ങളുടെ രൂപവും ഭാവവും ആദ്യമായി വരയ്ക്കാൻ വേണ്ട നിർദേശങ്ങൾ നൽകിയതും എം എസ് ഭുവനചന്ദ്രനാണ്. 35 വർഷത്തെ പഠനത്തിലൂടെയാണ് ഗണപതിയുടെ രൂപവും ഭാവവും എം എസ് ഭുവനചന്ദ്രൻ കണ്ടെത്തിയത്. ഈ അവതാരങ്ങളുടെ പൂർണതയ്ക്ക് വേണ്ടിയാണ് ഗണേശോത്സവം ഒൻപത് ദിവസം ആഘോഷിക്കുന്നതെന്ന് ഭുവനചന്ദ്രൻ പറയുന്നു.
ഗണേശോത്സവ ട്രസ്റ്റിന്റെ ഈ വർഷത്തെ ഗണേശോത്സവം സെപ്റ്റംബർ ഒന്നിനാണ് സമാപിക്കുന്നത്. വരും തലമുറയ്ക്കായി ഗണപതിയുടെ ഐതീഹ്യത്തെ കുറിച്ചും ഗണേശോത്സവത്തിന്റെ പ്രധാന്യത്തെ കുറിച്ചുമുള്ള സമഗ്രമായ ഗ്രന്ഥത്തിന്റെ രചനയിലാണ് എം എസ് ഭുവനചന്ദ്രൻ. അടുത്ത ഗണേശോത്സവത്തിന് മുൻപായി പുസ്തക പ്രകാശനം നടത്താനാണ് ആഗ്രഹിക്കുന്നത്. ഭുവനചന്ദ്രന്റെ പഠനത്തിൽ കണ്ടെത്തിയ എട്ട് അവതാരങ്ങളെ ചരിത്രത്തിൽ ആദ്യമായി വരച്ചത് വിഷ്ണു മുരളിയാണ്.