06 November, 2025 01:48:43 PM
തൃശൂർ ലൂർദ് മെട്രോപ്പോലീറ്റൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ
പി എം മുകുന്ദന്‍

തൃശൂർ: ലൂർദ് മെട്രോപ്പോലീറ്റൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇന്ന് മുതൽ നവംബർ 10 വരെ തീയതികളിൽ നടക്കും. ഇന്ന് രാത്രി ഡി ഐ ജി ഹരിശങ്കർ ഐ പി എസ് ദീപാലങ്കര സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.
നാളെ മോൺ ജെയ്സൺ കൂനംപ്ലാക്കലിന്റെ കാർമികത്വത്തിൽ ലദീഞ്ഞ്, പാട്ടുകുർബാന, നൊവേന, നേർച്ച വിതരണം, മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ മരിയൻ സമർപ്പണം, കൂടുതുറക്കൽ, രൂപം എഴുന്നുള്ളിക്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. നവംബർ എട്ടിന് ഫാ. സെബാസ്റ്റ്യൻ ചാലക്കലിന്റെ കാർമികത്വത്തിൽ ഇടവകയിലെ 38 കുടുംബ കൂട്ടായ്മകളിൽ നിന്നും വാദ്യ മേളങ്ങളോടെ അമ്പ് പ്രദക്ഷിണം നടക്കും.
നവംബർ ഒൻപതിന് രാവിലെ ദിവ്യ ബലികൾ, മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ തിരുനാൾ ദിവ്യബലി, തൃശൂർ പരിശുദ്ധ വ്യാകുല മാതാവിന്റെ ബസിലിക്കയിലേക്ക് ജപമാല പ്രദക്ഷിണം, കിരീടം എഴുന്നുള്ളിപ്പ്, പത്തിന് രാവിലെ ഇടവകയിലെ പരേതർക്ക് വേണ്ടി ദിവ്യബലി, തണ്ടർ ബീറ്റ്സ് മ്യൂസിക് ബാന്റ്, വർണമഴ എന്നിവയാണ് പരിപാടികൾ.
തിരുനാളിൻ്റെ സവിശേഷതകൾ ഏറെയാണ്. എല്ലാ ശനിയാഴ്ചകളിലും കുർബാന, നൊവേന ആശിർവാദം, ആരാധന, മാതൃരൂപത്തിലുള്ള കുപ്പിയിൽ ലൂർദ് മാതാവിന്റെ തീർഥജലം ഇവയ്ക്കു പുറമെ രണ്ടാം ശനിയാഴ്ചകളിൽ വൈകിട്ട് യുവജനങ്ങൾക്ക് പ്രത്യേക വിശുദ്ധ കുർബാനയും കുമ്പസാരവും അടിപ്പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന് കിരീടം ചാർത്താനുള്ള അവസരവുമുണ്ട്. അന്ധകാര ശക്തികളിൽ നിന്ന് രക്ഷനേടാൻ വിശുദ്ധ സെബസ്ത്യാനോസിന് അമ്പ് സമർപ്പണവും പ്രത്യേകതയാണ്.
കത്തീഡ്രൽ വികാരി ഫാ ജോസ് വല്ലൂരാൻ, സഹവികാരിമാരായ ഫാ പ്രിജോവ് വടക്കേത്തല, ഫാ ജീസ്മോൻ ചെമ്മണ്ണൂർ, ജനറൽ കൺവീനർ മാനേജിങ് ട്രസ്റ്റി ജോർജ് കവലക്കാട്ട്, കൈക്കാരന്മാർ & തിരുനാൾ ആഘോഷകമ്മിറ്റിയംഗങ്ങൾ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം തിരുനാളിനോടാനുബന്ധിച്ചു ഇടവകയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭവന നിർമാണ ധനസഹായം നൽകുകയും നിർധനരായ യുവതികൾക്ക് ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുകയും നൂറിലേറെ ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുകയും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും ചെയ്തു.



