27 August, 2025 12:08:15 PM


ആഘോഷമായി കൊയ്ത്തുത്സവം; ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ



കാലടി: നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഇല്ലംനിറക്ക് മുന്നോടിയായി ദേവസ്വം വക മൂന്നര ഏക്കർ വരുന്ന പാടശേഖരത്തിലെ സ്ഥലത്തെ കൊയ്ത്തുത്സവം നടന്നു. ഇന്നലെയും ഇന്നുമായി നടന്ന കൊയ്ത്തുത്സവത്തിൽ പ്രദേശത്തെ കർഷകത്തൊഴിലാളികൾ പങ്കെടുത്തു. രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷം പാടത്തേക്ക് എത്തിയ കർഷക തൊഴിലാളികൾ കൊയ്ത്തു പാട്ടുകളുമായാണ് കൊയ്ത്തുത്സവം കൊണ്ടാടിയത്. കൊയ്തെടുത്ത കറ്റകൾ ആഗസ്റ്റ് 28 ന് സമൃദ്ധിയുടെ പ്രതീകമായ ഇല്ലംനിറ ചടങ്ങോടെ ക്ഷേത്രത്തിൽ ഏറ്റുവാങ്ങും.  


രാവിലെ 11 മണിക്ക് ഇല്ലംനിറയുടെ ചടങ്ങുകൾ ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ നടക്കും. രാവിലെ 7:30 മുതൽ വേദപണ്ഡിതരുടെ നേതൃത്വത്തിൽ ചതുർവേദ പാരായണവും ഉണ്ടായിരിക്കും. ചടങ്ങൾക്കു ശേഷം ഭക്തജനങ്ങൾക്ക് ഐശ്വര്യത്തിന്‍റെയും സമ്പന്നതയുടെയും പ്രതീകമായ പൂജിച്ച നെൽക്കതിർ, പാൽപായസം, അട തുടങ്ങിയവ പ്രസാദമായി നൽകും.


സമൃദ്ധിയുടെ ഇല്ലംനിറക്ക് ആവശ്യമായ നെല്ല് ദേവസ്വം വക പാടശേഖരത്തിൽ 28 വർഷത്തിനുശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ വർഷം കൃഷി ചെയ്തത്. കൊയ്ത നെല്ല് ഉണക്കി അരിയാക്കി സെപ്റ്റംബർ 14 ന് 'നിറപുത്തരി' കൊണ്ടാടും. അന്നേ ദിവസം പുത്തരി പായസം ദേവിക്ക് നിവേദിക്കുമെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു. കൊയ്ത്തുത്സവം നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ ഭരതന്‍ ഉദ്ഘാടനം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912