10 January, 2026 08:20:41 PM
കേരള കുംഭമേള: ചതുരാംബികമാരിൽനിന്നും തിരുനാവായയിൽ എത്തുന്ന ദീപങ്ങൾ കെടാവിളക്കാകും

മലപ്പുറം: തിരുനാവായയിൽ നിളാതീരത്ത് 19 ന് ആരംഭിക്കുന്ന മഹാമാഘമഹോത്സവത്തിന് മുന്നോടിയായി ചതുരാംബികമാരുടെ സന്നിധിയിൽനിന്നും എത്തുന്ന ദീപങ്ങൾ കെടാവിളക്കായി ഉത്സവ നഗരിയിൽ എരിയും. നാല് അബികമാരിലൊന്നായ മൂകാംബികയിൽനിന്നുള്ള ദീപം മൂകാംബിക ക്ഷേത്രം ട്രസ്റ്റി അഭിലാഷ്, അർച്ചകൻ കെ.എൻ സുബ്രഹ്മണ്യ അഡിഗ എന്നിവരിൽനിന്ന് അഭിനവ ബാലാനന്ദഭൈരവ സ്വാമിജി ദീപം ഏറ്റുവാങ്ങി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്നും ക്ഷേത്രഭാരവാഹികളോ ഭക്തസംഘങ്ങളോ പ്രോജ്ജ്വലിപ്പിച്ച്, തിരുനാവായയിലേയ്ക്ക് എത്തിയ്ക്കുന്ന ദീപപ്രയാണങ്ങൾ എല്ലാം ഇതിൽ ചേരും. ഇങ്ങനെ സർവദേവതാ സംഗമമായി മാറുന്ന അപൂർവ ദർശനത്തിലേയ്ക്കുള്ള യാത്രയ്ക്കാണ് മൂകാംബികാ ക്ഷേത്രത്തിൽനിന്ന് ആരംഭം കുറിച്ചത്.



